ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്ന് ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ നടത്തിയ തൽസമയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ എണ്ണം കൂട്ടുമെന്നും വിദ്യാർഥികളുടെ അധ്യായന വർഷം നഷ്ടമാകാത്ത രീതിയിൽ പരീക്ഷകളെല്ലാം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ്, ജെ.ഇ.ഇ മെയിൻ പരീക്ഷാ സിലബസുകൾ കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സി.ബി.എസ്.ഇ പരീക്ഷാ സിലബസ് കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് നിലവിൽ സി.ബി.എസ്.സി 30 ശതമാനം വരെ സിലബസ് കുറച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ പരീക്ഷകൾ മാറ്റിവെക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-ലെ നീറ്റ് പരീക്ഷ മൂന്ന് തവണ നീട്ടിവെച്ചിരുന്നു. വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാനും അവസരം നൽകിയിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തിയത്.

Content Highlights: No Plan To Cancel NEET 2021, if required will conduct in online mode, JEE main