ന്യൂഡല്‍ഹി: രാജ്യത്ത് പൊതുപരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പേ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിജയമന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകള്‍ മുന്നോട്ടുള്ള യാത്രയിലെ പടവുകള്‍ മാത്രമാണെന്നും മാര്‍ക്കല്ല ജീവിതത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ നാം മാര്‍ക്കിലാണ് വളരെയധികം പ്രതീക്ഷ പുലര്‍ത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളില്‍ സമ്മര്‍ദരഹിത ചിന്താശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള 'പരീക്ഷാ പേ ചര്‍ച്ച'യില്‍ ബുധനാഴ്ച ഓണ്‍ലൈനിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാരണം വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടെങ്കിലും മഹാമാരി ഒട്ടേറെ പാഠങ്ങളും പഠിപ്പിച്ചു. ഒട്ടേറെ അടിസ്ഥാന കാര്യങ്ങളുടെ യഥാര്‍ഥമൂല്യം അവര്‍ മനസ്സിലാക്കി. വിദ്യാലയം അധ്യാപകരും ചങ്ങാതിമാരുമായും സംവദിക്കാനും ഓര്‍മകള്‍ സൃഷ്ടിക്കാനുമുള്ള സ്ഥലമാണ്.

കൊറോണയ്ക്കു മുമ്പുള്ള ആ ലോകം നിങ്ങള്‍ക്കു നഷ്ടപ്പെട്ടു. ഒന്നും നിസ്സാരമായി കാണരുത്. നിങ്ങളുടെ കുടുംബത്തെ നന്നായി മനസ്സിലാക്കാനും കൊറോണ കാരണമായി. കൊറോണ കുടുംബങ്ങളെ ഒരുമിപ്പിച്ചുവെന്ന് ചോദ്യത്തിന് ഉത്തരമായി പ്രധാനമന്ത്രി പറഞ്ഞു.

സമ്മര്‍ദവും ഉത്കണ്ഠയും ഇല്ലാതെ പരീക്ഷയെ സമീപിക്കാനും കോവിഡ് മഹാമാരിയെ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനുള്ള അവസരമാക്കാനുമടക്കം ആഹ്വാനം ചെയ്താണ് പ്രധാനമന്ത്രി ചര്‍ച്ച അവസാനിപ്പിച്ചത്.

Content Highlights: No need for fear and tension, during exam time says PM modi on pareeksha pe charcha