കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നില്ല.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് നേരിട്ട് നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്(ഡി.എച്ച്.ഐ.സി.) പൂര്‍ത്തിയാക്കിയവരെയാണ് പരിഗണിക്കാത്തത്. പഞ്ചായത്ത്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസുകളിലേക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി. നിയമനച്ചട്ടത്തില്‍ ഡിപ്ലോമ കോഴ്‌സ് യോഗ്യതയായി ഉള്‍പ്പെടുത്താത്തതാണ് കാരണം.

എന്നാല്‍, ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായി ഇതേ യോഗ്യതയുള്ളവരെ പരിഗണിക്കുന്നുമുണ്ട്. പക്ഷേ, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളുടെ എണ്ണം കുറവാണ്. 16 വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സ് പാസായവരെക്കൂടി യോഗ്യതയില്‍ ഉള്‍പ്പെടുത്തി നിയമനച്ചട്ടം പരിഷ്‌കരിക്കണമെന്ന് നേരത്തേ ആവശ്യമുണ്ടായിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇവരെ ഒഴിവാക്കി പഞ്ചായത്തിലേക്ക് ഇപ്പോള്‍ വീണ്ടും പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഉടന്‍തന്നെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്കും പി.എസ്.സി. വിജ്ഞാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ബോംബെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ സാനിറ്ററി ഇന്‍സ്‌പെക്ടേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റൂറല്‍ ഹയര്‍ എജ്യുക്കേഷന്റെ സാനിറ്ററി ഇന്‍സ്‌പെക്ടേഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇപ്പോള്‍ യോഗ്യതയായി പരിഗണിക്കുന്നത്. തത്തുല്യയോഗ്യതയും വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും മുമ്പ് ഇങ്ങനെ അപേക്ഷിച്ച ഡിപ്ലോമക്കാര്‍ പരീക്ഷ എഴുതുകയും ഉയര്‍ന്ന റാങ്ക് ലിസ്റ്റില്‍ വരുകയും ചെയ്‌തെങ്കിലും ഒടുവില്‍ ഒഴിവാക്കപ്പെടുകയുമായിരുന്നു.

കൂടുതല്‍ നിയമനങ്ങള്‍ നടക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്.

വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാവുന്നില്ലെന്ന് കോഴ്‌സ് പഠിച്ചവരുടെ കൂട്ടായ്മയായ ഓള്‍ കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അഭിജിത്ത് ബി. രാജ് പറഞ്ഞു.

Content Highlights: No jobs for those who studied government-run diploma in Health Inspector