തൃശ്ശൂര്‍: മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതാണ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്നുവയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് സൂചന. ഗ്രേസ് മാര്‍ക്കുകൂടി കൊടുക്കേണ്ടിവന്നാല്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാവും. ഒപ്പം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്നവരുടെ എണ്ണവും ഗണ്യമായി ഉയരും. ഉപരിപഠന പ്രവേശനത്തില്‍ ഇത് പ്രശ്‌നമായേക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസവകുപ്പ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

10, 12 പരീക്ഷകളുടെ മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ എ പ്ലസ്സുകാരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടെന്നാണ് വിവരം. 10,12 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇരട്ടി മാര്‍ക്കിന്റെ ചോദ്യമാണ് നല്‍കിയിരുന്നത്. എത്ര മാര്‍ക്കിന്റെ വേണമെങ്കിലും എഴുതാമായിരുന്നു. അങ്ങനെയാണ് മാര്‍ക്കില്‍ വലിയ വര്‍ധന ഉണ്ടായത്. എന്നാല്‍, ആ തീരുമാനം പാളിപ്പോയെന്ന തിരിച്ചറിവിലാണ് നടക്കാന്‍ പോവുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് നിശ്ചിത മാര്‍ക്കിനപ്പുറം എഴുതാനാവില്ല എന്ന വ്യവസ്ഥ വച്ചത്.

പാഠ്യേതര പ്രവര്‍ത്തനം നടന്നില്ല എന്ന കാരണം പറഞ്ഞാണ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്നു വച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം എന്‍.സി.സി., എന്‍.എസ്.എസ്., സ്‌കൗട്ടസ്, ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ് എന്നിവയുടെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

Content Highlights: No Grace marks for students, Kerala SSLC, Kerala Plus two