തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഗ്രേസ് മാർക്ക് നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്കൂൾ കലോത്സവം അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ പലതും നടന്നിട്ടില്ല. മാർക്കുനൽകുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർ നിർദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ല. പരീക്ഷ പൂർത്തിയായശേഷം േഗ്രസ് മാർക്ക് നിശ്ചയിക്കാൻ മതിയായ സമയമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടംകൂടി കണക്കിലെടുത്തുമാത്രമേ ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുമാവൂ.

വിദ്യാർഥികളെ ഗ്രേസ് മാർക്കിന് അർഹരാക്കുന്ന എൻ.സി.സി., എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവ ചില സ്കൂളുകളിൽ നാമമാത്രമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവർത്തനങ്ങൾ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് കണക്കാക്കുന്നത് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മേഖലകളിൽ തൊട്ടുമുമ്പുള്ള വർഷത്തെ പ്രവർത്തനം കണക്കിലെടുത്ത് ഗ്രേസ് മാർക്ക് നൽകുന്നകാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ 17-ന് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവെക്കുന്നതിന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിരിക്കുകയാണ്. അനുമതിലഭിച്ചാൽ ഏപ്രിൽ, മേയ് മാസത്തോടെ പരീക്ഷ പൂർത്തിയാക്കാനാണ് തീരുമാനം.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം ഒമ്പതാം ക്ലാസുവരെ വാർഷിക പരീക്ഷ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികൾക്കും പ്രൊമോഷൻ നൽകാനാണ് തീരുമാനം. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കായി ജൂണിലോ, ജൂലായിലോ പരീക്ഷ നടത്തും.

Content Highlights: No decision yet taken regarding SSLC, Plus two grace mark, All pass till class nine