ന്യൂഡൽഹി: എൻ.ഐ.ടി.കളിലും കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കാൻ പന്ത്രണ്ടാംക്ലാസിൽ കുറഞ്ഞത് 75 ശതമാനം മാർക്കുവേണമെന്ന നിബന്ധന കേന്ദ്രം ഇളവുചെയ്തു. ജെ.ഇ.ഇ. മെയിൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന എൻ.ഐ.ടി, ഐ.ഐ.ടി., സ്കൂൾ ഓഫ് പ്ലാനിങ്, സി.എഫ്.ടി.ഐ. എന്നിവിടങ്ങളിൽ ഇത് ബാധകമായിരിക്കും.

കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സി.എസ്.എ.ബി) കഴിഞ്ഞവർഷത്തെ പ്രവേശനത്തിന് നൽകിയ ഇളവ് അടുത്ത അധ്യയനവർഷത്തേക്കും (2021-2022) ബാധകമാക്കുന്നതായി വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.

ജെ.ഇ.ഇ. മെയിൻ പ്രവേശനപരീക്ഷയിലെ വിജയമാണ് മുഖ്യമായും കഴിഞ്ഞതവണ പ്രവേശനത്തിന് അടിസ്ഥാനമാക്കിയത്. മെയിൻ പരീക്ഷയിലെ ഉയർന്ന സ്കോറിനൊപ്പം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ചുരുങ്ങിയത് 75 ശതമാനം മാർക്കുകൂടി വേണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന.

Content Highlights: NIT admission, eligibility criteria of 75 per cent marks in class 12 has been relaxed