ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്). പത്താംക്ലാസ് വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്.

ജൂണിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂൺ 20-ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും തീയതി അറിയിക്കുമെന്നും എൻ.ഐ.ഒ.എസ് വ്യക്തമാക്കി.

സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോർഡുകൾ പത്താംക്ലാസ്സ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ്സ പരീക്ഷ മാറ്റിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള എൻ.ഐ.ഒ.എസ് തീരുമാനം. പത്താംക്ലാസ്സ് മൂല്യനിർണയത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്നും ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്നും എൻ.ഐ.ഒ.എസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: NIOS cancelled class 10 exam and postponed class 12 exam