ഒമ്പതാം വയസില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി പുതുചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ലോറന്റ് സൈമണ്‍സ് എന്ന കൊച്ചുമിടുക്കന്. ബെല്‍ജിയന്‍-ഡച്ച് ദമ്പതിമാരുടെ മകനായ ലോറന്റ് നെതര്‍ലാന്‍ഡിസിലെ എയ്ന്‍ധോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്ന് ഡിസംബറില്‍ ബിരുദം പൂര്‍ത്തിയാക്കും.
ഇതിനുമുമ്പും മറ്റുപല നേട്ടങ്ങളും ലോറന്റ് സ്വന്തമാക്കിയിട്ടുണ്ട്. വെറും 18 മാസത്തെ പഠനം കൊണ്ടാണ് ലോറന്റ് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 145 ആണ് ഈ കൊച്ചുമിടുക്കന്റെ ഐക്യൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷമാദ്യം സര്‍വകലാശാലയില്‍ ചേര്‍ന്നപ്പോള്‍ എക്കാലത്തെയും ഏറ്റവും പ്രായംകുറഞ്ഞ സര്‍വകലാശാലാ വിദ്യാര്‍ഥിയെന്ന നേട്ടവും ലോറന്റ് കരസ്ഥമാക്കി.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഗവേഷക വിദ്യാര്‍ഥിയായി ചേരുകയാണ് ലോറന്റിന്റെ അടുത്ത ലക്ഷ്യമെന്ന് പിതാവ് അലക്സാണ്ടര്‍ സൈമണ്‍സ് സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ഇതോടൊപ്പം വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടാനും ലോറന്റിന് പ്ലാനുണ്ട്.
ചെറുപ്രായത്തില്‍ തന്നെ ലോറന്റിന്റെ കഴിവുകള്‍ ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അവനില്‍ പഠനത്തിന്റെ സമ്മര്‍ദം അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അവര്‍ പറയുന്നു. അവന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ എപ്പോഴും സ്വാതന്ത്ര്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അലബാമയില്നിന്നും പത്താം വയസില്‍ ബിരുദം നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച മൈക്കല്‍ കേര്ണിയില്നിന്നുമാണ് ലോറന്റ് അടുത്ത മാസം ബിരുദം ഏറ്റുവാങ്ങുന്നത്. 1994ലായിരുന്നു കേര്‍ണിയുടെ നേട്ടം.
Content Highlights: nine year old boy to become world's youngest graduate