കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം മുതല്‍ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകള്‍ തുടങ്ങുക.

കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍, സ്‌കൂള്‍ തുറക്കല്‍ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനു മുന്‍പുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു. എട്ടാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ വിതരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും.

Content Highlights: Next academic year SSLC class to be started from may