തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് അറബിക് കോളേജുകൾ നിർത്തലാക്കുന്നുവെന്ന പ്രചാരണം തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിൻഡിക്കേറ്റംഗങ്ങൾ. കുപ്രചാരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിനെതിരേ തിരിക്കാനുള്ള ശ്രമമാണിതെന്ന് സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ ആരോപിച്ചു.

2013-14 കാലത്ത് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആർട്സ് ആൻഡ് സയൻസിലെ ചില കോഴ്സുകൾ അറബിക് കോളേജുകൾക്കും അനുവദിച്ചിരുന്നു. ഇത് നിയമാനുസൃതമാക്കാൻ അന്നത്തെ സിൻഡിക്കേറ്റിനും സെനറ്റിനും കഴിഞ്ഞില്ല. നിയമപ്രകാരം ഓറിയന്റൽ കോളേജുകൾക്ക് മൂന്നേക്കർ സ്ഥലം മതി. മറ്റുള്ളവയ്ക്ക് അഞ്ചേക്കറും. പുതിയ കോഴ്സുകൾ അനുവദിച്ചപ്പോൾ ഈ നിയമത്തിൽ ഭേദഗതി വരുത്തിയില്ല.

പിന്നീട് മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് അന്നത്തെ സിൻഡിക്കേറ്റും സെനറ്റും തീരുമാനിച്ചു. ഭേദഗതിക്ക് അംഗീകാരംതേടി 2015 മാർച്ച് ആറിന് ചാൻസലർക്ക് അപേക്ഷനൽകി. ഇതു തള്ളി പുതിയ അപേക്ഷ സമർപ്പിക്കാൻ ജനുവരി നാലിനാണ് ചാൻസലറുടെ നിർദേശം വന്നത്.

കാലിക്കറ്റിലെ അറബിക് കോളേജുകളെ നിലനിർത്താനും കോഴ്സുകൾ നിയമവിധേയമാക്കാനുമാണ് ഇടതു സിൻഡിക്കേറ്റ് ശ്രമിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ. കെ.പി. വിനോദ്കുമാർ, ഡോ. കെ.ടി. ഷംസാദ് ഹുസൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: News regarding the Shutdown of Arabic colleges is political conspiracy, calicut university