തിരുവനന്തപുരം: സര്‍വകലാശാല ജീവനക്കാരുടെ ശമ്പളം കൂട്ടാനുള്ള ശുപാര്‍ശകള്‍ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായി പത്തുശതമാനം ശമ്പളവര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധിയാത്രാ ആനുകൂല്യം സര്‍വകലാശാലാ ജീവനക്കാര്‍ക്കും ബാധകമാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍വീസില്‍ ഒരുതവണ കുടുംബത്തോടൊപ്പം യാത്രചെയ്യാനാണ് ഈ ആനുകൂല്യം.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യും. ഏപ്രില്‍ മുതല്‍ പുതിയ നിരക്കില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കും. മുന്‍ കേന്ദ്രസെക്രട്ടറി കെ. മോഹന്‍ദാസ് അധ്യക്ഷനായ ശമ്പളപരിഷ്‌കരണ സമിതിയുടെ മൂന്നാമത് റിപ്പോര്‍ട്ടിലാണ് ശമ്പളവര്‍ധന ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ട് ധനമന്ത്രിക്ക് സമര്‍പ്പിച്ചു.

കുറഞ്ഞശമ്പളം 16,500-ല്‍ നിന്ന് 23,000 രൂപയാക്കും. കൂടിയത് 1.20 ലക്ഷത്തില്‍ നിന്ന് 1.66 ലക്ഷമാവും. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമായിരിക്കും. കുറഞ്ഞ കുടുംബപെന്‍ഷനും 11,500 രൂപയാണ്. കൂടിയത് 50,040 രൂപയും. 2019 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ശമ്പള പരിഷ്‌കരണം. അവധിയാത്രാനുകൂല്യം ഏപ്രില്‍ മുതല്‍ ബാധകമാക്കണമെന്നാണ് ശുപാര്‍ശ.

തസ്തിക, പുതിയ ശമ്പള സ്‌കെയിലുകള്‍(ബ്രാക്കറ്റില്‍ നിലവിലുള്ളത്)

* ജോയന്റ് രജിസ്ട്രാര്‍1,18,100-1,63,400 (85,000-1,17,600)

* ഡെപ്യൂട്ടി രജിസ്ട്രാര്‍1,07,800-1,60,000 (77,400-1,15,200)

* അസിസ്റ്റന്റ് രജിസ്ട്രാര്‍ ഹയര്‍ ഗ്രേഡ് 95,600-1,53,200 (68,700-1,10,400)

* അസിസ്റ്റന്റ് രജിസ്ട്രാര്‍ 63,700-1,23,700 (45,800-89,000)

* സെക്ഷന്‍ ഓഫീസര്‍ ഹയര്‍ ഗ്രേഡ് 56,500-1,18,100 (40,500-85,000)

* സെക്ഷന്‍ ഓഫീസര്‍ 51,400-1,10,300 (36,600-79,200)

* അസി. സെക്ഷന്‍ ഓഫീസര്‍ 45,600-95,600 (32,300-68,700)

* സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്  43,400-91,200 (30,700-65,400)

* അസിസ്റ്റന്റ്  39,300-83,000 (27,800-59,400)

* ക്ലറിക്കല്‍ അസിസ്റ്റന്റ്  25,100-57,900 (18,000-41,500)

* ഗാര്‍ഡന്‍ മേസ്തിരി, ലാബ് അസിസ്റ്റന്റ്  25,100-57,900 (18,000-41,500)

* ലാസ്റ്റ് ഗ്രേഡ്  23,700-52,600 (17,000-37,500)

Content Highlights: New salaries in universities by April; Commission recommends 10 per cent increase