ന്യൂഡല്‍ഹി: എന്ത് ചിന്തിക്കണം എന്നല്ല, എങ്ങനെ ചിന്തിക്കണം എന്നതിനാണ് പുതിയ വിദ്യാഭ്യാസനയം ഊന്നല്‍നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആധുനിക ഇന്ത്യയുടെ അടിസ്ഥാനമാണ് പുതിയ നയമെന്നും അതിന്റെ നടപ്പാക്കലിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധനല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസനയത്തിനുകീഴില്‍ ഉന്നതവിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍നടന്ന കോണ്‍ക്ലേവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് നയം നടപ്പാക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്. നമ്മളെല്ലാം ചേര്‍ന്നുവേണം അത് നടപ്പാക്കാനെന്നും മോദി പറഞ്ഞു. വര്‍ഷങ്ങളായി രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ മൂല്യങ്ങളും ആകാംക്ഷയും ചിന്താശക്തിയും വളര്‍ത്താനായിട്ടില്ല. താത്പര്യങ്ങളും കഴിവും ആവശ്യങ്ങളും കണ്ടെത്തണം. യുവാക്കളില്‍ വിമര്‍ശന ചിന്താഗതിയും കണ്ടെത്തല്‍ശേഷിയും വര്‍ധിപ്പിക്കണം.

നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികള്‍ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം-യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കാമ്പസുണ്ടാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വയംഭരണം സംബന്ധിച്ച് രണ്ടഭിപ്രായമുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണംവേണമെന്നാണ് ഒന്ന്. സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നതാണ് മറ്റൊരഭിപ്രായം. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനായി എത്രത്തോളം ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുവോ അവര്‍ക്ക് അത്രത്തോളം സ്വാതന്ത്ര്യം നല്‍കുമെന്നും മോദി പറഞ്ഞു.

പുതിയ വിദ്യാഭ്യാസനയത്തിന്റെ നടത്തിപ്പിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും പ്രത്യേക മേഖലയോട് പക്ഷപാതം കാണിക്കുന്നതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. സ്‌കൂള്‍ വിദ്യാഭ്യാസത്തെ 3 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാധ്യമമെന്നും നിര്‍ദേശിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തും കാതലായമാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

Content Highlights: New Education Policy Stresses On 'How To Think', Not 'What To Think', Says PM Modi