ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എജ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ (IISER) പ്രവേശനത്തിന് സമയമായി. ബയോളജി, മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്‌ട്രി, എർത്ത്‌സയൻസ്‌ എന്നീ കോഴ്‌സുകൾ, ബെർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി ക്യാമ്പസുകളിലുണ്ട്. 


പുതിയ കോഴ്സുകൾ

ഭോപാൽ ക്യാമ്പസിലാണ് പുതിയ രണ്ട്‌ കോഴ്‌സുകൾ തുടങ്ങുന്നത്‌. എൻജിനീയറിങ്‌ സയൻസസിൽ അഞ്ചുവർഷ ബി.എസ്‌.എം.എസ്‌. ഡ്യുവൽ ഡിഗ്രി പ്രോഗ്രാം, എക്കണോമിക്സ്‌ സയൻസസിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ്‌ സയൻസ്‌ പ്രോഗ്രാം എന്നിവയാണ് അത്. ഈ രണ്ടു കോഴ്‌സുകളിലെയും പ്രവേശനത്തിന്‌ പ്ളസ്‌ടുതലത്തിൽ മാത്തമറ്റിക്സ്‌ ഒരു വിഷയമായി പഠിച്ചിരിക്കണം.

ഉയർന്നനിലവാരമുള്ള ശാസ്ത്രപഠനം, ഗവേഷണം, പരിശീലനം എന്നിവയാണ്  IISER ലക്ഷ്യമിടുന്നത്. ബി.എസ്.എം.എസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിന്റെ ആദ്യരണ്ടുവർഷങ്ങളിൽ അടിസ്ഥാനശാസ്ത്രങ്ങളിലുള്ള മുഖ്യ വിഷയങ്ങൾക്ക് ശ്രദ്ധനൽകുമ്പോൾ മൂന്നും നാലും വർഷങ്ങളിൽ, തിരഞ്ഞെടുത്ത ശാസ്ത്രവിഷയത്തിലെ പഠനത്തിനാണ്‌ ഊന്നൽ. അഞ്ചാംവർഷം വിദ്യാർഥി ഒരു ഗവേഷണ പ്രോജക്ട്‌ പൂർത്തിയാക്കണം.


പ്രവേശനത്തിന്‌ മൂന്നുചാനൽ 

കിഷോർ ബെജ്ഞ്യാനിക്‌ പ്രോത്സാഹൻ യോജന (KVPY) വഴി മേയ് 21 മുതൽ ജൂൺ എട്ട് വരെ വെബ്‌സൈറ്റിൽ അപേക്ഷ നൽകാം.

 ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) 2018 ചാനലാണ്‌ രണ്ടാമത്തേത്‌. ഈ പരീക്ഷയുടെ പൊതുറാങ്ക്‌ പട്ടികയിൽ 10,000 -നുള്ളിൽ സ്ഥാനം ലഭിക്കുന്നവർക്കും കാറ്റഗറി റാങ്ക്‌ 10,000 നുള്ളിലുള്ള ഒ.ബി.സി.എൻ.സി.എൽ/ എസ്.സി./എസ്.ടി./പി.ഡി. വിഭാഗക്കാർക്കും ഈ ചാനൽ വഴി ജൂൺ 11 മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം.

 സ്റ്റേറ്റ്‌-സെൻട്രൽ ബോർഡ്‌ ചാനലാണ്‌ മൂന്നാമത്തേത്‌. സയൻസ്‌ വിഷയങ്ങൾ പഠിച്ച്‌ നിശ്ചിത കട്ട്‌ ഓഫ്‌ മാർക്ക്‌ നേടി 2017-ലോ 2018-ലോ പ്ളസ്‌ടു ജയിച്ചവർക്കാണ്‌ ഈ ചാനലിലൂടെ അപേക്ഷിക്കാവുന്നത്‌. ഒ.ബി.സി.എൻ.സി.എൽ, പി.ഡി. വിഭാഗക്കാർക്ക്‌ കട്ട്‌ ഓഫ്‌ മാർക്കിൽ അഞ്ച് ശതമാനം ഇളവുകിട്ടും. എസ്.സി./ എസ്.ടി./ കെ.എം. വിഭാഗക്കാർക്ക്‌ എല്ലാ ബോർഡുകൾക്കും കട്ട്‌ ഓഫ്‌ 55 ശതമാനമായിരിക്കും. സി.ബി.എസ്.ഇ. ബോർഡ്‌ കട്ട്‌ ഓഫ്‌ 88.3 ശതമാനവും ഐ.സി.എസ്.ഇ. കട്ട്‌ ഓഫ്‌ 93.3 ശതമാനവും കേരള ഹയർ സെക്കൻഡറി കട്ട്‌ ഓഫ്‌ 93.1 ശതമാനവുമാണ്‌. ഈ ചാനൽവഴി മേയ്‌ 24 മുതൽ ജൂൺ 12 വരെ അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർ ജൂൺ 24 നു നടത്തുന്ന അഭിരുചി പരീക്ഷ അഭിമുഖീകരിക്കണം. 


ഒന്നിൽ കൂടുതൽ ചാനൽവഴി അപേക്ഷിക്കാൻ അർഹതയുള്ളവർ പ്രത്യേകം അപേക്ഷകൾ നൽകി ഓരോന്നിനും പ്രത്യേകം ഫീസൊടുക്കണം. അപേക്ഷാ ഫീസ്‌ 2000 രൂപ. 
കൂടുതൽ വിവരങ്ങൾക്ക്‌: www.iiseradmission.in