തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങളിൽ അപ്പീൽ നൽകാൻ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്‌കരിക്കാനുള്ള വ്യവസ്ഥ നിലവിൽ വന്നു. സ്വയംഭരണ കോളേജുകളുടെ നടത്തിപ്പിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി അടുത്തയിടെ സർക്കാരിറക്കിയ ഓർഡിനൻസിലാണ് നിയമഭേദഗതി ഉൾക്കൊള്ളിച്ചത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾക്കും ഇത് ബാധകമാണ്. നിലവിൽ സർവകലാശാലാ തീരുമാനങ്ങൾക്കെതിരേ പരാതിപ്പെടാൻ ഒരു സംവിധാനമുണ്ടായിരുന്നില്ല. ചാൻസലർ ഗവർണറായതിനാൽ പരിമിതമായ ഇടപെടലേ രാജ്ഭവൻ നടത്തൂ. വിദ്യാഭ്യാസമന്ത്രി പ്രോ ചാൻസലറാണെങ്കിലും അദ്ദേഹത്തിനും വൈസ് ചാൻസലറെടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമില്ല. ഫലത്തിൽ സർവകലാശാലാ തീരുമാനങ്ങൾ ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടിയിരുന്നു. ഇതിന് പണമേറെ ചെലവുള്ളതിനാൽ സർവകലാശാലാ തീരുമാനങ്ങൾ ചോദ്യം ചെയ്യുക ബുദ്ധിമുട്ടാണ്.

അപ്പലേറ്റ് ട്രിബ്യൂണൽ മുമ്പാകെ സർവകലാശാലയുടെ ഏതു തീരുമാനവും ചോദ്യംചെയ്യാം. വിരമിച്ച ഹൈക്കോടതി ജഡ്ജിയോ, ജില്ലാ കോടതി ജഡ്ജിയോ ആയിരിക്കും ട്രിബ്യൂണൽ. മൂന്നു വർഷത്തേക്കാണ് നിയമനം. സിവിൽ കോടതിയുടെ അധികാരത്തിൽ പ്രവർത്തിക്കുന്ന ട്രിബ്യൂണലിന് രേഖകളും വ്യക്തിയെയും വിളിച്ചുവരുത്തുന്നതിനും തർക്കങ്ങളിൽ തീർപ്പ് കല്പിക്കുന്നതിനുമുള്ള അധികാരമുണ്ടാകും. അധ്യാപകർക്കും ജീവനക്കാർക്കും ട്രിബ്യൂണലിനെ സമീപിക്കാം. ചട്ടങ്ങൾ സർക്കാർ അനുമതിയോടെ ട്രിബ്യൂണലിന് പിന്നീട് നിശ്ചയിക്കാം.

അപ്പീൽ നൽകാൻ അപ്പലേറ്റ് ട്രിബ്യൂണൽ

സ്വയംഭരണ കോളേജുകളുടെ തീരുമാനങ്ങൾക്കെതിരേയുള്ള പരാതി സർവകലാശാലാ തലത്തിൽ രൂപവത്‌കരിക്കുന്ന സമിതിയായിരിക്കും കേൾക്കുക. വി.സി., ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സ്വയംഭരണ കോളേജ് മാനേജ്മെന്റ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയായിരിക്കും പരാതികളിൽ തീർപ്പാക്കുക. നിലവിൽ ഇത്തരം പരാതികൾ കേൾക്കാൻ സംവിധാനമുണ്ടായിരുന്നില്ല.

Content Highlights: New appellate tribunal constituted to deal with complaints regarding universities