നീറ്റ് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ യു.ജി./പി.ജി. അഖിലേന്ത്യാ ക്വാട്ട (എ.ഐ. ക്യു.) പ്രവേശനത്തിൽ 2021-22 മുതൽ നാലു റൗണ്ട് അലോട്ട്മെൻറുകൾ ഉണ്ടാകും.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസി(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം)ന്റെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) ഇതുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലം കോടതി അംഗീകരിച്ചതോടെയാണ് കേന്ദ്ര സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും ബാധകമായിരുന്ന നാലു റൗണ്ട് അലോട്ട്മെൻറ് രീതി, അഖിലേന്ത്യാ ക്വാട്ടയിലും ബാധകമാക്കിയത്. ഫീസ്, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള വ്യവസ്ഥകൾ തുടരുന്നതാണ്.

പ്രധാന വ്യവസ്ഥകൾ

• എം.സി.സി. നടത്തുന്ന സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ യു.ജി./പി.ജി. അഖിലേന്ത്യാ ക്വാട്ട അലോട്ട്മെൻറ് പ്രക്രിയയിൽ നാലു റൗണ്ട് കൗൺസലിങ് ഉണ്ടാകും - എ.ഐ.ക്യു. റൗണ്ട് I, എ.ഐ.ക്യു. റൗണ്ട് II, എ.ഐ.ക്യു. മോപ് അപ് റൗണ്ട്, എ.ഐ.ക്യു. സ്ട്രേ വേക്കൻസി റൗണ്ട്.

• ഇതുവരെ, ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു കൈമാറിയിരുന്ന എ.ഐ.ക്യു. രണ്ടാം റൗണ്ടിനുശേഷമുള്ള ഒഴിവുകൾ, ഇനിമുതൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിതന്നെ എ.ഐ.ക്യു. മോപ് അപ് റൗണ്ട്, എ.ഐ.ക്യു. സ്ട്രേ വേക്കൻസി റൗണ്ട് എന്നിവയിലൂടെ നികത്തും. ഇതിലേക്ക് സംസ്ഥാനങ്ങൾ നൽകുന്ന, അഖിലേന്ത്യാ സ്വഭാവമുള്ള, 15 ശതമാനം യു.ജി./50 ശതമാനം പി.ജി. സീറ്റുകൾ പരിഗണിക്കും.

• പരീക്ഷാർഥികൾക്ക് എ.ഐ.ക്യു. റൗണ്ട് I,എ.ഐ.ക്യു. റൗണ്ട് II, എ.ഐ.ക്യു. മോപ് അപ് റൗണ്ട് എന്നിവയ്ക്ക് പുതിയ രജിസ്ട്രേഷൻ അനുവദിക്കും. എ.ഐ.ക്യു. സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.

• ഓൾ ഇന്ത്യ ക്വാട്ട കൗൺസലിങ്ങിൽ ആദ്യ റൗണ്ടിൽ മാത്രമേ അപ്ഗ്രഡേഷൻ, ഫ്രീ എക്സിറ്റ് സൗകര്യങ്ങൾ ഉണ്ടാവുകയുള്ളൂ. രണ്ടാം റൗണ്ടിൽനിന്ന്‌ മോപ് അപ് റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ അവസരം ഉണ്ടാകില്ല.

• രണ്ടാം റൗണ്ടിലും തുടർ റൗണ്ടുകളിലും അനുവദിച്ച സീറ്റിൽ പ്രവേശനം നേടിയവർക്ക് അതിൽനിന്നും രാജിെവക്കാൻ കഴിയില്ല. മാത്രമല്ല തുടർന്നു നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള കൗൺസലിങ്ങിൽ പങ്കെടുക്കാൻ അവർക്ക് അർഹതയും ഉണ്ടാകില്ല.

• റൗണ്ട് 2-ൽ അനുവദിച്ച സീറ്റിൽ പ്രവേശനം നേടാതെ, സെക്യൂരിറ്റി തുക നഷ്ടപ്പെടുത്തിക്കൊണ്ട്, തുടർറൗണ്ടുകളിൽ പങ്കെടുക്കാം. പക്ഷേ മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്ടേഷൻ നടത്തണം. (അതായത് രജിസ്റ്റർ ചെയ്ത്, വീണ്ടും രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി നിക്ഷേപവും അടയ്ക്കണം)

• സെക്യൂരിറ്റി നിക്ഷേപം, ഫ്രീ എക്സിറ്റ്, കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള അർഹത എന്നിവയുടെ വ്യവസ്ഥകൾ 18.5.2018-ലെ നമ്പർ.എം.സി.ഐ.-34 (41), 2018 Med/109835 ഗസറ്റ് വിജ്ഞാപന പ്രകാരം ആയിരിക്കും (ഈ ഉത്തരവ് https://www.nmc.org.in/e-gazette/ എന്ന ലിങ്കിൽ, 21/5/2018, ഗസറ്റ് നോട്ടിഫിക്കേഷൻ തീയതിയായി നൽകിയാൽ ലഭിക്കും.

Content Highlights: NEET UG / PG All India quota admission