ന്യൂഡല്‍ഹി: വിദേശത്തെ മെഡിക്കല്‍-ഡെന്റല്‍ പഠനത്തിന് നീറ്റ് (ദേശീയ യോഗ്യതാ പരീക്ഷ) നിര്‍ബന്ധമാക്കി. ഇതിനായി 2002-ലെ സ്‌ക്രീനിങ് പരീക്ഷാചട്ടങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി ചെയ്തു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നവരുടെ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇത്തവണത്തെ നീറ്റ് നടക്കുന്ന മേയ് മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും. നീറ്റില്‍ നിശ്ചിത മാര്‍ക്കുള്ളവര്‍ക്കേ വിദേശ പഠനം സാധ്യമാകൂ. നീറ്റ് ഫലമാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റായി പരിഗണിക്കുക.

നേരത്തേ അമ്പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ച ആര്‍ക്കും വിദേശത്തു പഠിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കുമായിരുന്നു.

കോഴ്‌സ് കഴിഞ്ഞശേഷം ഇന്ത്യയില്‍ ചികിത്സ നടത്താന്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ ജയിച്ചാല്‍ മതി. പകുതിയിലധികം പേര്‍ക്കും ഈ പരീക്ഷ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നാണ് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകുന്നവരുടെ നിലവാരം ഉറപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.