ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം മേയ് മൂന്നിനായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്.

പരീക്ഷ എഴുതാനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ അറിയിച്ചു. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. മേയ് അവസാന വാരം പരീക്ഷ നടത്താന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വിശദവിവരങ്ങള്‍ പിന്നീടറിയിക്കും. ഏപ്രില്‍ 15ന് ശേഷമാകും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: NEET UG 2020 postponed due to coronavirus outbreak