ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ 'നീറ്റ്' കൊല്ലത്തില്‍ ഒന്നില്‍കൂടുതല്‍ പ്രാവശ്യം ഓണ്‍ലൈനായി നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങളോട് ആരോഗ്യമന്ത്രാലയം യോജിക്കാത്തതാണ് കാരണം.

കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. യോജിപ്പ് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്രാവശ്യം പഴയതുപോലെ ഒറ്റത്തവണത്തെ പരീക്ഷയ്ക്കാണ് സാധ്യത.

ഇക്കൊല്ലത്തെ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. പഴയ സിലബസ് അനുസരിച്ചുതന്നെയാവും പരീക്ഷയെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നു.

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകരിക്കുന്ന സിലബസ് അനുസരിച്ചാണ് 'നീറ്റ്' നടത്തുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതല മാത്രമേ എന്‍.ടി.എയ്ക്കുള്ളൂ. ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. മെയിന്‍ ഓണ്‍ലൈനായി കൊല്ലത്തില്‍ രണ്ടുതവണയാണ് ഇപ്പോള്‍ നടത്തുന്നത്. ഇക്കൊല്ലം മുതല്‍ അത് നാലുതവണയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ 'നീറ്റ്' കൂടുതല്‍ പ്രാവശ്യം നടത്തണമെന്ന നിര്‍ദേശമാണ് എന്‍.ടി.എ. മുന്നോട്ടുവെച്ചത്.

Content Highlights: NEET to held twice a year, Health ministry disagrees, NTA