നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. 2021ന് അപേക്ഷനല്‍കിയവര്‍, രണ്ടാംഘട്ട അപേക്ഷ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി നീറ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെയുള്ള നിശ്ചിതരേഖകള്‍, അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) neet.nta.nic.inലെ സ്‌ക്രോളിങ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരം പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ബാധകമായവര്‍ മാത്രം കമ്യൂണിറ്റി/ഭിന്നശേഷി/സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു.

രണ്ടാംഘട്ട അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നിന് എന്‍.ടി.എ. പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഈ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കാതിരുന്നതും അതിനുള്ള സൗകര്യം ഹോം പേജില്‍ ഇല്ലാതിരുന്നതും വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരുന്നു.

വൈകിയാണെങ്കിലും ഈ വിശദീകരണം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്. അപേക്ഷയുടെ ആദ്യഘട്ടത്തിലെ പിശകുകള്‍ തിരുത്താനും രണ്ടാം ഘട്ടത്തിലെ ചില വിവരങ്ങള്‍ നല്‍കാനും ഒക്ടോബര്‍ 10ന് രാത്രി 11.50 വരെയാണ് സൗകര്യമുള്ളത്.

Content Highlights: NEET Second Phase Application