ന്യൂഡൽഹി: നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020 ഫലം ഒക്ടോബർ 16-ന് പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 13-ന് നടന്ന പരീക്ഷയുടെയും ബുധനാഴ്ച നടക്കുന്ന പരീക്ഷയുടെയും ഫലങ്ങൾ ഒരുമിച്ചാണ് പ്രസിദ്ധീകരിക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് പരീക്ഷയെഴുതാൻ കഴിയാത്തവർക്കാണ് ഇന്ന് അവസരം നൽകുന്നത്. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.

15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ntaneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

Content Highlights: NEET results to be published on Friday