ന്യൂ ഡല്‍ഹി: നീറ്റ് - പിജി (NEET -PG ) പ്രവേശനത്തിനുള്ള കൗണ്‍സിലിങ്‌ ബുധനാഴ്ച്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം കൗണ്‍സിലിങ് നടത്താമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനവും മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനവും സാമ്പത്തിക സംവരണവും നല്‍കി ഈ വര്‍ഷം നീറ്റ് പി.ജി കൗണ്‍സലിങ് നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. കൗണ്‍സലിങ് തടസ്സമില്ലാതെ നടക്കുന്നതിനാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി. 

കൗണ്‍സിലിങ്‌ നടപടികളെ കുറിച്ച് വിശദമായി അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ്  mcc.nic.in സന്ദര്‍ശിക്കാം.

Content Highlights: NEET-PG Counselling  Start From Wednesday