ന്യൂഡല്‍ഹി: ഒ.ബി.സി.,സാമ്പത്തിക ദുര്‍ബലവിഭാഗ (ഇ.ഡബ്ല്യു.എസ്.) സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന നീറ്റ് പി.ജി. കൗണ്‍സലിങ് നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ ആശങ്കയില്‍ കാര്യമുണ്ട്. അതിനാല്‍, കേസില്‍ വാദം തുടരുന്നതിനിടെ കൗണ്‍സലിങ് നടന്നുകൊള്ളട്ടേയെന്നും കേന്ദ്രം പറഞ്ഞു. കേസില്‍ വ്യാഴാഴ്ചയും വാദം തുടരും.

ഒ.ബി.സി.ക്കോ ഇ.ഡബ്ല്യു.എസിനോ നിയമപരമായി അര്‍ഹമായത് നിഷേധിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 2019 ജനുവരിയിലാണ് ഇ.ഡബ്ല്യു.എസ്. മാനദണ്ഡം വിജ്ഞാപനം ചെയ്തത്. എന്നാല്‍, ഇപ്പോഴാണ് പരാതിക്കാര്‍ അതിനെ ചോദ്യംചെയ്യുന്നതെന്നും മേത്ത ആരോപിച്ചു.

അതേസമയം, കളി തുടങ്ങിക്കഴിഞ്ഞ് നിയമം മാറ്റാനാവില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാനും അരവിന്ദ് ദത്താറും വാദിച്ചു. മെഡിക്കല്‍ സീറ്റുകളില്‍ അഖിലേന്ത്യാ ക്വാട്ട നടപ്പാക്കിയത് കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. ക്വാട്ട സര്‍ക്കാര്‍ ഉത്തരവ് ഇറക്കിക്കൊണ്ട് നടപ്പാക്കാനാവില്ലെന്നും പരാതിക്കാര്‍ വാദിച്ചു.

Content Highlights: NEET P.G. Center wants counseling to be allowed