ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നീറ്റിന് ഈ വർഷം ഇളവുനൽകിക്കൊണ്ടുള്ള ഓർഡിനൻസും സുപ്രീംകോടതി കയറും.  ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സന്നദ്ധസംഘടനയായ സങ്കല്പ് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.  സംഘടനയുടെ ഹർജി പരിഗണിച്ചാണ് ഈ വർഷംതന്നെ നീറ്റ് മാനദണ്ഡമാക്കാൻ  ജസ്റ്റിസ് അനിൽ ആർ. ദവെ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടത്. 

2010-ലാണ് നീറ്റ് നടപ്പാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം കൊണ്ടുവന്നത്. അന്നുമുതൽതന്നെ ഇത് കോടതികയറുന്നുമുണ്ട്. 2010-ലെ വിജ്ഞാപനം 2013-ൽ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീർ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ജസ്റ്റിസ് അൽത്തമാസ് കബീർ വിരമിക്കുന്ന ദിവസമായിരുന്നു വിവാദവിധി ഇറക്കിയത്. 

എന്നാൽ, നീറ്റ് റദ്ദാക്കിയ 2013-ലെ വിധി  ഏപ്രിൽ 11-ന് ജസ്റ്റിസ് അനിൽ ആർ. ദവെ അധ്യക്ഷനായ അഞ്ചംഗബെഞ്ച് പിൻവലിച്ച് പുനഃപരിശോധിക്കാൻ തീരുമാനിച്ചിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഉൾപ്പെടെ 115 കക്ഷികളുള്ള ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.  

ഇതിനുപിന്നാലെയാണ്, ഈവർഷംതന്നെ നീറ്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സങ്കല്പ് ചാരിറ്റബിൾ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദവെ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഇതംഗീകരിച്ചുകൊണ്ട് ഈവർഷംതന്നെ നീറ്റ് നടപ്പാക്കാൻ ഏപ്രിൽ 29-ന് ഉത്തരവിട്ടു. ഇതിനെതിരെ നിരവധി സംസ്ഥാനങ്ങളും മാനേജ്‌മെന്റുകളും വീണ്ടും രംഗത്തെത്തിയെങ്കിലും ഇളവുകൾ നൽകാൻ സുപ്രീംകോടതി തയ്യാറായില്ല. 

തുടർന്ന് മെയ് ഒമ്പതിന് സംസ്ഥാനങ്ങളുടെ ഹർജികൾ തള്ളിക്കൊണ്ട് പഴയ ഉത്തരവിൽ ചെറിയ രണ്ട് ഇളവുകൾമാത്രം വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ഒന്നാംഘട്ടം എഴുതിയവർക്കും രണ്ടാംഘട്ടത്തിന് അവസരം നൽകുക, ജൂലയ് 24-ന് നിശ്ചയിച്ചിട്ടുള്ള രണ്ടാംഘട്ട പരീക്ഷയുടെ തീയതി ആവശ്യമെങ്കിൽ മാറ്റാം എന്നിവയായിരുന്നു ഇളവുകൾ. 

ഈ ഉത്തരവ് ഭാഗികമായി മറികടന്നുകൊണ്ടാണ്‌ കേന്ദ്രസർക്കാർ ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവന്നത്. വേനലവധി കഴിഞ്ഞ് ജൂൺ 28-നാണ് സുപ്രീംകോടതി തുറക്കുന്നത്. ഇതിനിടെ സങ്കല്പ്‌ ചാരിറ്റബിൾ ട്രസ്റ്റിന് അവധിക്കാല ബെഞ്ചിനെയും സമീപിക്കാം.