ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശനപരീക്ഷയിൽ(നീറ്റ്)നിന്ന് സംസ്ഥാനങ്ങൾക്ക് ഈവർഷം ഇളവുനൽകുന്ന ഓർഡിനൻസ് നിലവിൽവന്നു. ഇതോടെ, സംസ്ഥാനങ്ങൾക്ക് നീറ്റുവഴിയല്ലാതെ സ്വന്തം പരീക്ഷയുടെ അടിസ്ഥാനത്തിലും ഈവർഷം പ്രവേശനം നടത്താം. 

എന്നാൽ, സ്വകാര്യകോേളജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ നീറ്റിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി. സ്വകാര്യ കോളേജുകളിലെ സർക്കാർ സീറ്റുകളിലെ പ്രവേശനം സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷവഴിയാവും. സർക്കാർ സീറ്റുകളില്ലാത്ത സ്വകാര്യകോളേജുകൾക്ക് നീറ്റ് മാത്രമായിരിക്കും മാനദണ്ഡം. 

ഓർഡിനൻസിൽ ഏറെ ചോദ്യങ്ങളുന്നയിച്ച് വിശദീകരണം നേടിയശേഷമാണ് രാഷ്ട്രപതി പ്രണബ് മുഖർജി ചൊവ്വാഴ്ച രാവിലെ ഒപ്പുവെച്ചത്. എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകൾക്ക് നീറ്റ് വേണോ അതോ സ്വന്തം പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനംനടത്തണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 

കേരളമുൾപ്പെടെ അഞ്ചോളം സംസ്ഥാനങ്ങളിൽ നടന്നുകഴിഞ്ഞ പ്രവേശനപരീക്ഷകളിൽ ആറരലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തു. മെയ് ഒന്നിന് നടന്ന നീറ്റിന്റെ ഒന്നാംഘട്ടവും 6.25 ലക്ഷം വിദ്യാർഥികൾ എഴുതി. യു.പി. ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ അവരുടെ പ്രവേശനപരീക്ഷ മാറ്റിവെച്ചിരുന്നു. ബിഹാർ നീറ്റ് തിരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവർ ജൂലായ് 24-ന് നടക്കുന്ന നീറ്റിന്റെ രണ്ടാംഘട്ടം എഴുതേണ്ടതില്ല. 

എന്നാൽ, 2017-’18 വർഷത്തെ മെഡിക്കൽ, ഡെന്റൽ പി.ജി. കോഴ്‌സുകളിലേക്ക് നീറ്റുവഴിയാകും പ്രവേശനം. പി.ജി. കോഴ്‌സുകളിലേക്കുള്ള നീറ്റ് ഡിസംബറിൽ നടക്കും. അടുത്തവർഷംമുതൽ മുഴുവൻ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കും നീറ്റ്‌മാത്രമാകും മാനദണ്ഡം. 

ശനിയാഴ്ചയാണ് ഓർഡിനൻസ് രാഷ്ട്രപതിക്കയച്ചത്. രാഷ്ട്രപതി ഉന്നയിച്ച എല്ലാ സംശയങ്ങൾക്കും ആരോഗ്യമന്ത്രാലയം വിശദീകരണം നൽകിയിരുന്നു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം അറ്റോർണി ജനറൽ മുകുൾ റോത്തഗിയും ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയെക്കണ്ട് വിശദീകരണം നൽകിയിരുന്നു. 

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് ഈവർഷം മുതൽ നീറ്റ് മാത്രമാകും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി മറികടക്കുന്നതാണ് ഓർഡിനൻസ്. സംസ്ഥാന ബോർഡുകളുടെ സിലബസ്‌പ്രകാരം പഠിച്ച വിദ്യാർഥികൾക്ക് നീറ്റിലേക്ക് മാറാൻ സമയംനൽകണമെന്ന് ആവശ്യമുയർന്നിരുന്നു. തിടുക്കപ്പെട്ട് നീറ്റ് നടപ്പാക്കുന്നതിനെ 15 സംസ്ഥാനങ്ങൾ എതിർത്തു. 

പ്രാദേശികഭാഷകളിൽക്കൂടി നീറ്റ് നടപ്പാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഇതെല്ലാം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് വന്നത്.