ന്യൂഡൽഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ, നീറ്റ് പ്രവേശന പരീക്ഷകൾ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.

നീറ്റ് പരീക്ഷ സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ നടക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27-ലേക്കും മാറ്റി. കോവിഡ് സാഹചര്യത്തിൽ ഇത് രണ്ടാം തവണയാണ് ഈ വർഷത്തെ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടുന്നത്.

നേരത്തെ സുരക്ഷാ പ്രശ്നങ്ങളുന്നയിച്ച് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനേത്തുടർന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രാലയം എൻ.ടി.എ ഡയറക്ടറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ് നടപടി.

Content Highlights: NEET JEE Main Exams to be Held in September