കൊച്ചി: MBBS / BDS പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - II (NEET-II) ജൂലായ് 24 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. പരീക്ഷയ്ക്ക് 180 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. 

MBBS/BDS നുള്ള അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, സ്റ്റേറ്റ് ഗവൺമെന്റുകൾ തീരുമാനിക്കുന്ന പക്ഷം അവരുടെ ഈ കോഴ്‌സുകളിലെ ഗവണ്മെന്റ് സീറ്റുകൾ, എല്ലാ സ്വകാര്യ മെഡിക്കൽ / ഡന്റൽ കോളേജുകളിലേയും സ്വകാര്യ / കല്പിത സർവകലാശാലകളിലേയും സീറ്റുകൾ എന്നിവയ്ക്ക് NEET II ബാധകമായിരിക്കും.

AIPMT 2016 /  NEET-I പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയവർ, ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തശേഷം അത് അഭിമുഖീകരിക്കാൻ കഴിയാതെ പോയവർ, ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് പരീക്ഷ അഭിമുഖീകരിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ പോയെന്ന്‌ കരുതുന്ന, NEET-I ന്റെ അവരുടെ സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കാൻ തയ്യാറായവർ എന്നിവർക്ക് NEET-II ന് അപേക്ഷിക്കാം. ഇവരുടെ NEET-I മാർക്ക് പരിഗണിക്കില്ല.

ഭാരതീയർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) വിഭാഗക്കാർക്കും NEET ന് അപേക്ഷിക്കാം. 2016 ഡിസംബർ 31 നകം 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അഖിലേന്ത്യാ ക്വാട്ട വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാൻ ഉയർന്ന പ്രായപരിധി ഈ ദിവസം 25 വയസ്സായിരിക്കും. SC/ST/OBC വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവുണ്ട്. ഇവയൊഴികെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതതു സ്ഥാപനത്തിന്റെ വ്യവസ്ഥയായിരിക്കും പ്രായപരിധിയുടെ കാര്യത്തിൽ ബാധകമാവുക.

അപേക്ഷാർത്ഥി യോഗ്യതാ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോരോന്നും ജയിച്ചിരിക്കണം. മൂന്ന്‌ സയൻസ് വിഷയങ്ങൾക്കും കൂടി 50 ശതമാനം മാർക്ക് നേടിയിരിക്കുകയും വേണം. SC/ST/OBC ക്കാർക്ക് ഇത് 40 ശതമാനമായിരിക്കും. ജനറൽ PH വിഭാഗക്കാർക്ക് 45 ശതമാനവും. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

അപേക്ഷാ ഫീസ് ജനറൽ / OBC വിഭാഗക്കാർക്ക് 1400 രൂപയും SC/ST/PH വിഭാഗക്കാർക്ക് 750 രൂപയുമായിരിക്കും. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, കോമൺ സർവീസ് സെന്ററിന്റെ e-wallet എന്നിവ വഴിയോ സിൻഡിക്കേറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ICICI ബാങ്ക്, HDFC ബാങ്ക് എന്നിവയിലൊന്നിന്റെ ശാഖയിൽ ഇ-ചലാൻ വഴിയോ ഫീസടയ്ക്കാം.

അപേക്ഷ www.aipmt.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകാം. ഇ-ചലാൻ വഴി ഫീസടയ്ക്കാനുദ്ദേശിക്കുന്നവർ, ഓൺലൈൻ അപേക്ഷാവേളയിൽ രൂപപ്പെടുത്താവുന്ന ഇ-ചലാൻ ഡൗൺലോഡ് ചെയ്തെടുത്ത് ബാങ്കിൽ ഫീസടയ്ക്കണം. ഇവർ ജൂൺ 21 അർദ്ധരാത്രിക്കുള്ളിൽ ഓൺലൈൻ അപേക്ഷ നൽകി ജൂൺ 25 നകം ഫീസടയ്ക്കണം. 

മറ്റു രീതിയിൽ ഫീസടയ്ക്കാനുദ്ദേശിക്കുന്നവർ, ജൂൺ 25 അർദ്ധരാത്രിക്കകം അപേക്ഷ നൽകി ഫീസടയ്ക്കൽ പൂർത്തിയാക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് CBSE യ്ക്ക് അയച്ചുകൊടുക്കേണ്ടതില്ല. എന്നാൽ അതിന്റെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രേഖയും സൂക്ഷിച്ചുവയ്ക്കണം. അഡ്മിറ്റ് കാർഡ് ജൂലായ് 8ന് വെബ്‌സൈറ്റിൽ ലഭ്യമാക്കും. ഡൗൺലോഡ് ചെയ്തെടുക്കണം. 

യോഗ്യത നിർണയിക്കുന്നത് പെർസന്റൈൽ തത്ത്വമുപയോഗിച്ചാണ്. പ്രവേശനത്തിന് യോഗ്യത നേടാൻ, അപേക്ഷാർത്ഥിക്ക് കുറഞ്ഞത് 50-ാം പെർസന്റൈലിലെ കുറഞ്ഞ സ്കോർ ലഭിച്ചിരിക്കണം. SC/ST/OBC ക്കാർക്ക് 40-ാം പെർസന്റൈലിലെ സ്കോറായിരിക്കും കുറഞ്ഞ യോഗ്യത. URPH വിഭാഗത്തിലുള്ളവർക്ക് ഇത് 45-ാം പെർസന്റൈൽ സ്കോർ ആയിരിക്കും. 

കൂടുതൽ വിവരങ്ങൾ www.aipmt.nic.in എന്ന വെബ്‌സൈറ്റിലും അവിടെ ലഭ്യമായ ഇൻഫർമേഷൻ ബ്രോഷറിലും ലഭിക്കും.