ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വർഷത്തിൽ ഒരിക്കൽ മാത്രമെന്ന് വ്യക്തമാക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). 2021-ലെ നീറ്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും എൻ.ടി.എ ഡയറക്ടർ ജനറൽ വിനീത് ജോഷി അറിയിച്ചു.

ജെ.ഇ.ഇ മെയിൻ പരീക്ഷയെഴുതാൻ വർഷത്തിൽ നാല് അവസരങ്ങൾ നൽകുന്ന സാഹചര്യത്തിൽ നീറ്റിനും അതേ മാതൃക തുടരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്നാണ് വർഷത്തിൽ രണ്ട് തവണ നടത്തിയിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ നാലാക്കി ഉയർത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയെഴുതാനുള്ള അവസരങ്ങൾ കൂട്ടണമെന്നും സിലബസ് കുറയ്ക്കണമെന്നും അധ്യാപകരും വിദ്യാർഥികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ ചോദ്യങ്ങൾ ചോയിസായി നൽകാമെന്നതൊഴിച്ച് സിലബസ് കുറയ്ക്കുന്നതിനെപ്പറ്റിയോ ഒന്നിൽക്കൂടുതൽ തവണ പരീക്ഷ നടത്തുമെന്നതിനെക്കുറിച്ചോ മന്ത്രി പ്രതികരിച്ചിരുന്നില്ല.

എയിംസ്, ജിപ്മെർ ഉൾപ്പെടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ 15-ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഓരോ വർഷവും എഴുതുന്നത്. നീറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ ntaneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

Content Highlights: NEET Exam to be held once in a year, Notification soon