neetന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ്) നടപ്പാക്കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ രണ്ട് ബില്ലുകളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. 2016-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) നിയമം, 2016-ലെ ഡെന്റിസ്റ്റ്‌സ് (ഭേദഗതി) നിയമം എന്നിവയിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.
 
രാജ്യവ്യാപകമായി മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തുകയാണ് നീറ്റ് വഴി ലക്ഷ്യമാക്കുന്നത്. നിരവധി പ്രവേശനപരീക്ഷകള്‍ കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കുറച്ചുകൊണ്ട് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍കൂടി ലക്ഷ്യമിട്ടാണ് നീറ്റ് നടപ്പാക്കുന്നത്.
 
രാജ്യസഭയില്‍ ഈ മാസം ഒന്നിനാണ് ബില്ലുകള്‍ പാസായത്. കഴിഞ്ഞമാസം ലോക്‌സഭയും ഇത് പാസാക്കിയിരുന്നു. എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണമെന്ന് നിയമം പറയുന്നു.
 
ഡെന്റല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇതുപോലെ ഏകീകൃത പ്രവേശനപരീക്ഷ വേണം. 2017-18 അക്കാദമിക വര്‍ഷം മുതല്‍ നീറ്റായിരിക്കും പ്രവേശനമാനദണ്ഡം. ഈവര്‍ഷം മുതല്‍തന്നെ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് മറികടന്നത്. 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം, 1948-ലെ ഡെന്റിസ്റ്റ്‌സ് നിയമം എന്നിവയാണ് ഇപ്പോള്‍ ഭേദഗതിചെയ്തത്.