examന്യൂഡൽഹി: മെഡിക്കൽ-ദന്തൽ പ്രവേശനത്തിന് ദേശീയ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഇതോടെ, രാജ്യത്തെ മെഡിക്കൽ- ദന്തൽ കോളേജുകളിൽ ഇനി ഒറ്റപ്പരീക്ഷയിലൂടെയാവും വിദ്യാർഥിപ്രവേശനം. 

അഖിലേന്ത്യാ തലത്തിൽ 15 ശതമാനവും സംസ്ഥാനങ്ങൾക്ക് 85 ശതമാനവും സീറ്റു ക്വാട്ടയുള്ള നീറ്റ് പരീക്ഷയ്ക്ക് ഭരണഘടനാ പദവി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.

മെഡിക്കൽ പ്രവേശനം കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് നീറ്റിന്റെ ലക്ഷ്യം. തലവരിപ്പണം വാങ്ങിക്കുന്നതടക്കമുള്ള ചൂഷണവും ഇതിലൂടെ തടയും. മെഡിക്കൽ-ദന്തൽ പ്രവേശനത്തിന് ഇപ്പോഴുള്ള ബഹുവിധ പരീക്ഷകൾ ഇല്ലാതാവും. സിലബസിന്റെ ക്രമീകരണമാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. 

പ്രധാന നിർദേശങ്ങൾ

1. അടുത്ത വര്‍ഷം മുതലാവും നീറ്റ് നിര്‍ബന്ധമാക്കുക. 

2. സംസ്ഥാനതലങ്ങളിലുള്ള പ്രവേശന പരീക്ഷകള്‍ക്ക് ഈ വര്‍ഷം തടസ്സമില്ല. 

3. പ്രവേശന പരീക്ഷയ്ക്ക് ഭാഷ തടസ്സമാവില്ല. റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ നടപടി. 

4. 85 ശതമാനം സീറ്റില്‍ സംവരണമടക്കമുള്ളവ നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താം.

5. പൊതുപരീക്ഷ വരുമ്പോള്‍ ഗ്രാമീണമേഖലയിലുള്ളവര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ രണ്ടു ശതമാനം ബോണസ് മാര്‍ക്കു നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. 

ഭേദഗതികൾ തള്ളി

ബില്ലിന്മേൽ എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.), സൗഗത റോയ് (തൃണമൂൽ), പി.കെ. ശ്രീമതി (സി.പി.എം.) തുടങ്ങിയവരുടെ ഭേദഗതി ലോക്‌സഭ തള്ളി. ഏകീകൃത പരീക്ഷ വിവിധ ഭാഷകളിൽ നടത്തുമ്പോൾ ചോദ്യപ്പേപ്പർ ഒന്നായിരിക്കുമോയെന്ന് വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു. 

ഹിന്ദിയും ഇംഗ്ലീഷും കൂടാതെയുള്ള ഭാഷകളിലും എഴുതാമെന്നുള്ള വ്യവസ്ഥ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ പ്രാദേശികഭാഷകളുമെന്നാന്നാക്കിക്കൂടേയെന്ന് കോൺഗ്രസ് ഡെപ്യൂട്ടി ചീഫ് വിപ്പ് കെ.സി. വേണുഗോപാൽ ചോദിച്ചു.

പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ പ്രദേശികഭാഷകളിലും നീറ്റ് എഴുതാൻ അവസരമുണ്ടാക്കണമെന്ന് സി.പി.എം. അംഗം എം.ബി. രാജേഷ് ആവശ്യപ്പെട്ടു.

മെഡിക്കൽ വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ സമഗ്ര ശസ്ത്രക്രിയയ്ക്കു വേണ്ടി വാദിച്ച ഇ.ടി. മുഹമ്മദ്, ബഷീർ സ്വാശ്രയ മെഡിക്കൽ കോളേജുകളെ ക്രമീകരിക്കാൻ സമഗ്രനിയമനിർമാണം വേണമെന്നും ആവശ്യപ്പെട്ടു.