ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ജെ.ഇ.ഇ., നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിലെയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളിലെയുമായി ഏഴു മുഖ്യമന്ത്രിമാരാണ് ബുധനാഴ്ച വീഡിയോ സമ്മേളനത്തില്‍ പങ്കെടുത്തത്.

നേതൃത്വം നിഷ്‌ക്രിയമെന്ന 23 നേതാക്കളുടെ കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചര്‍ച്ചചെയ്തു തള്ളിയതിനു പിന്നാലെയാണ് സോണിയ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് മുന്‍കൈയെടുത്തത്. കോവിഡ്കാലത്ത് സംസ്ഥാനസര്‍ക്കാരുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവകാശപ്പെട്ട ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രം നല്‍കാത്തതിനെ ആമുഖപ്രസംഗത്തില്‍ സോണിയ വിമര്‍ശിച്ചു.

പരീക്ഷ നീട്ടിവെക്കാന്‍ സുപ്രീംകോടതിയെ വീണ്ടും സമീപിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചു. സര്‍ക്കാരിനെ ഭയപ്പെടണോ യുദ്ധം ചെയ്യണോ എന്നു നാം തീരുമാനിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി താക്കറെ പറഞ്ഞു. കേന്ദ്രത്തില്‍ ബി.ജെ.പി.യെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നെയാണ് തങ്ങളെയും തിരഞ്ഞെടുത്തത്. നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അത് പാപവും അവര്‍ എന്തെങ്കിലും ചെയ്താല്‍ അത് പുണ്യവും ആണോയെന്ന് അദ്ദേഹം ചോദിച്ചു. ഗതാഗതസംവിധാനവും മറ്റും സാധാരണ നിലയിലായതിനുശേഷമേ പരീക്ഷ നടത്താവൂവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.

കെജ്രിവാളും പിണറായിയും പങ്കെടുത്തില്ല

ക്ഷണമുണ്ടായിരുന്നെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേരള മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍നിന്ന് വിട്ടുനിന്നു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പിണറായിയുടെ വിട്ടുനില്‍ക്കലെന്നാണു സൂചന.

മമത ബാനര്‍ജി , ശിവസേന നേതാവ് കൂടിയായ ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുകൂടിയായ ഹേമന്ത് സോറന്‍ എന്നിവര്‍ക്കു പുറമേ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (പഞ്ചാബ്), അശോക് ഗഹ്ലോത് (രാജസ്ഥാന്‍), ഭൂപേശ് ബഘേല്‍ (ഛത്തീസ്ഗഢ്), വി. നാരായണസാമി (പുതുച്ചേരി) എന്നിവരും പങ്കെടുത്തു.

Content Highlights: NEET 2020, JEE Main: Seven Non-BJP CMs To Move Supreme Court Seeking Postponement Of Exams