ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശനപ്പരീക്ഷയും ( നീറ്റ്) ഐ.ഐ.ടി., എന്‍.ഐ.ടി. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ജീനീയറിങ് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനും (ജെ.ഇ.ഇ.) വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

ഇത്തരം പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്ന കാര്യവും പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ ലോക്‌സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ സ്വയംഭരണാധികാരത്തോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ക്ക് രൂപം നല്‍കും.

സി.ബി.എസ്.ഇ. ഇപ്പോള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ എന്‍.ടി.എ.യുടെ കീഴില്‍ കൊണ്ടുവരും. നിലവില്‍ നീറ്റ് , ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നത് സി.ബി.എസ്.ഇ.യാണ്.  പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ സി.ബി.എസ്.ഇ അറിയിച്ചതായി മന്ത്രി പറഞ്ഞു.