തൃശ്ശൂര്‍: രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദപ്പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ എത്രയുംവേഗം നടപടികളെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. നിര്‍ദ്ദേശം വരുന്നതിനുമുന്‍പ് സംസ്ഥാനത്ത് മെഡിക്കല്‍ പരീക്ഷകള്‍ പുനരാരംഭിച്ചെന്ന് ആരോഗ്യസര്‍വകലാശാല.

കോവിഡിന്റെ സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തടക്കം കടുത്ത പരീക്ഷാപ്രതിസന്ധി വന്നത്. ആരോഗ്യപരിപാലനരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിവരെ എത്തിയിരുന്നു. ഈയവസ്ഥയിലാണ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളുടെ അവസാന വര്‍ഷപ്പരീക്ഷ എത്രയും വേഗം തീര്‍ക്കാന്‍ ശ്രമം വേണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

രോഗത്തിന്റെ രണ്ടാം തരംഗം കുറഞ്ഞുവരുന്നതിനാലാണ് കമ്മിഷന്റെ ഇടപെടല്‍. തദ്ദേശീയമായ സാഹചര്യങ്ങള്‍ വിലയിരുത്തി ബിരുദാനന്തര ബിരുദതലത്തിലെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷകള്‍ ഉടന്‍ നടത്തണം. പരീക്ഷാമാനദണ്ഡങ്ങളില്‍ നിലവിലുള്ള ഇളവുകള്‍ ഇവക്കും ബാധകമാകും. വിദ്യാര്‍ഥികളുടെ തിയറി പരീക്ഷകളുടെ ഇന്റേണല്‍ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍പേ പറന്ന് കേരളം

നിര്‍ദ്ദേശമെത്തുന്നതിനു മുന്‍പുതന്നെ പരീക്ഷ നടത്താനുളള ശ്രമങ്ങള്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ആരംഭിച്ചിരുന്നെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ കാര്യമായി നിലവില്‍ വരാത്ത സ്ഥലങ്ങളില്‍പ്പോലും പരീക്ഷ നടത്താനുള്ള അനുവാദം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷകള്‍ക്കെല്ലാം 99 ശതമാനത്തിലധികം ഹാജരുണ്ടായിരുന്നുയെന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടേഴ്‌സ് ദിനമായ ജൂലായ് ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വി.സി. വ്യക്തമാക്കി.

Content Highlights: National medical commission directs medical colleges to conduct exams as soon as possible