കോഴിക്കോട്: ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ 'നാറ്റ' ജൂലായ് 11-ന് നടക്കാനിരിക്കെ അഡ്മിറ്റ് കാർഡ് പോലും ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. സമ്പൂർണ ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച നടത്തുന്ന പരീക്ഷയ്ക്ക് എങ്ങനെ എത്തിച്ചേരുമെന്ന ആശങ്കയിലിരുന്ന വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് പോലും ലഭിക്കാത്തത് ഇരട്ടപ്രഹരമായി. ദേശീയതല പരീക്ഷയായതിനാൽ കേരളത്തിന് മാത്രമായി തീയതി മാറ്റിനൽകാനാകില്ലെന്ന നിലപാടിലാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ കൗൺസിൽ ഓഫ് ആർക്കിടെക്ചർ.

ഇന്ന് രാത്രിക്കുള്ളിൽ അഡ്മിറ്റ് കാർഡ് ലഭിച്ചാലും അതെങ്ങനെ പ്രിന്റൗട്ട് എടുക്കുമെന്ന ചോദ്യവും വിദ്യാർഥികൾക്ക് മുന്നിലുണ്ട്. കേരളത്തിലെ എട്ടു ജില്ലകളിലായി 20 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നാണ് കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ പരീക്ഷാകേന്ദ്രമില്ലാത്ത സാഹചര്യത്തിൽ വൈകി അഡ്മിറ്റ് ലഭിച്ചാൽ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താൻ സാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ജൂലായ് ഏഴിന് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുമെന്നാണ് കൗൺസിൽ വ്യക്തമാക്കിയിരുന്നത്.

എന്നാൽ കേന്ദ്രങ്ങൾ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും അഡ്മിറ്റ് കാർഡ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തിൽ ഒരുക്കുമെന്നും കൗൺസിൽ ഓഫ് ആർക്കിടെക്ചർ അധികൃതർ അറിയിച്ചു.

കേരളത്തിലെ കോളേജുകളിലേതുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആർക്കിടെക്ചർ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയാണ് നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ). വർഷത്തിൽ രണ്ട് സെഷനുകളായി നടത്തുന്ന പരീക്ഷയുടെ ആദ്യസെഷൻ ജനുവരിയിലാണ് നടന്നത്. രണ്ടു പരീക്ഷയിലേയും മികച്ച സ്കോറായിരിക്കും പ്രവേശനത്തിനായി പരിഗണിക്കുക.

Content Highlights: NATA 2021 exam tomorrow, Admit card not releases yet, Architecture