തൃശ്ശൂര്‍: രാഷ്ട്രപുനര്‍നിര്‍മാണത്തിനും സേവനത്തിനുമായി സമയം മാറ്റിവെക്കുന്ന കലാലയവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ യു.ജി.സി. എന്‍.സി.സി. പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ പറ്റാതെപോകുന്നവര്‍ക്കാണ് ആനുകൂല്യം. ഇവര്‍ക്കായി പ്രത്യേകം പരീക്ഷകള്‍ നടത്താന്‍ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുകയെന്നത് എന്‍.സി.സി. കേഡറ്റുകളുടെ മികവായാണ് വിലയിരുത്തുന്നത്. എന്നാലിതിന് ഏറെക്കാലത്തെ പരിശീലനവും തയ്യാറെടുപ്പും വേണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി മൂന്നുതല ക്യാമ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പത്തുദിവസം നീളുന്ന ഓരോ ക്യാമ്പും വിജയകരമായാല്‍ മാത്രമേ അടുത്തതിലേക്ക് പ്രവേശിക്കാനാകൂ. അതായത് റിപ്പബ്ലിക്ദിന പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും പരിശീലനം നിര്‍ബന്ധം. 

സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാകുമിത്. കോവിഡ് കാലത്ത് ഏറെക്കാലമായി മാറ്റിവെച്ചിരുന്ന പരീക്ഷകള്‍ കൂട്ടത്തോടെ നടത്തിയപ്പോഴാണ് വലിയ പ്രശ്‌നമായത്. പല കേഡറ്റുകള്‍ക്കും ഒന്നിലധികം പരീക്ഷകള്‍ നഷ്ടമായി. ചില കുട്ടികള്‍ പരീക്ഷയെഴുതുന്നതിനായി എന്‍.സി.സി. പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടും നിന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന ആവശ്യം ഉയര്‍ന്നത്. എന്‍.സി.സി. പ്രവര്‍ത്തനം കാരണം കുട്ടികള്‍ക്ക് ഒരു കാരണവശാലും സെമസ്റ്ററുകള്‍ നഷ്ടപ്പെടാന്‍ പാടില്ല.ഇത്തരം പരീക്ഷകള്‍ പുനഃപരീക്ഷയായിരിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: N.C.C Cadets Can Write Special Exams