മുംബൈ: ശ്രീനാരായണഗുരു ദർശനം മുംബൈ സർവകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് യൂണിവേഴ്സൽ കോൺഫറഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനും മുംബൈ സർവകലാശാലയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഗുരുദർശനത്തിൽ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും ഗവേഷണ വിഷയമായി അംഗീകരിക്കാനുമാണ് ധാരണ.
ഇന്ത്യയിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ സംരംഭത്തിന് കാർമികത്വം വഹിക്കാൻ ശിവഗിരിമഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എത്തിയിരുന്നു.
മുംബൈ സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര കുൽകർണി, ഫിലോസഫി വിഭാഗം തലവൻ പ്രൊഫ. നാരായൺ ഗഡാ ഡെ, ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എൻ. ശശിധരൻ, ചെയർമാൻ എം.ഐ. ദാമോദരൻ, വൈസ് ചെയർമാൻ മോഹൻദാസ്, ജനറൽ സെക്രട്ടറി സെക്രട്ടറി എൻ.എസ്. സലിംകുമാർ, കോൺഫെഡറേഷനെ പ്രതിനിധാനംചെയ്ത് ഓർഗനൈസേഷൻ പ്രസിഡന്റ് വി.കെ. മുഹമ്മദ്, ടി.എസ്. ഹരീഷ്കുമാർ, പി.എൻ. മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
യൂണിവേഴ്സൽ കോൺഫറഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനും മുംബൈ ശ്രീനാരായണ മന്ദിരസമിതിയും മുംബൈ സർവകലാശാലയുമായി നിരന്തരമായി നടത്തിയ ചർച്ചകളിലൂടെയാണ് ഇത്തരം ഒരു സംരംഭത്തിന് വഴിയൊരുങ്ങിയത്.
Content Highlights: Mumbai University to include Sree Narayana Guru's Visions in the curriculum