ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭശേഷി വികസനമന്ത്രാലയം സംഘടിപ്പിക്കുന്ന 'ഭാരത് പഠേ ഓണ്‍ലൈന്‍' കാമ്പയിന് മൂന്ന്ദിവസം പിന്നിടുമ്പോള്‍ ലഭിച്ചത് 3700-ലധികം നിര്‍ദേശങ്ങള്‍. ഏപ്രില്‍ 10 മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെയാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. 

എച്ച്.ആര്‍.ഡി മന്ത്രാലയം, യു.ജി.സി എന്നിവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരുകളും വിവിധ സര്‍വകലാശാലകളും, കോളേജുകളും, സ്‌കൂളുകളുമുള്‍പ്പെടെ ഇതിനോടകം ഓണ്‍ലൈന്‍ പഠനത്തിനായി വിവിധ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും നല്‍കാനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

bharatpadheonline.mhrd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 16 വരെ നിര്‍ദേശങ്ങളയയ്ക്കാം. കൂടാതെ ട്വിറ്ററില്‍ #BharatPadheOnline എന്ന ഹാഷ്ടാഗില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാം. @HRDMinistry and @DrRPNishank എന്നീ പ്രൊഫൈലുകള്‍ ടാഗ് ചെയ്യുകയും വേണം.

Content Highlights: More than 3700 suggestions received for 'Bharat Padhe Online' campaign in just 3 days