തേഞ്ഞിപ്പലം: ഓൺലൈൻ പഠന സംവിധാനമായ മൂഡിൽ ലേണിങ് മാനേജ്മെന്റിൽ അധ്യാപകർ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്. എല്ലാ പഠനവകുപ്പുകളിലുമായി നൂറ്റമ്പതിലധികം അധ്യാപകർ അവരുടെ വിദ്യാർഥികൾക്ക് ഓൺലൈൻ കോഴ്സ് നിർമിച്ച് കഴിഞ്ഞു. വിദ്യാർഥികളെ മൂഡിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകളും നൽകിത്തുടങ്ങി.
സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് പഠനവിഭാഗവും ആഭ്യന്തരഗുണനിലവാരം ഉറപ്പുവരുത്തുന്ന സമിതിയും (ഐ.ക്യു.എ.സി.) ചേർന്നാണ് ഇതിന് പരിശീലനം നൽകിയത്. യൂണിവേഴ്സിറ്റി ലേൺ സ്പേസ് http://learnspace.uoc.ac.in എന്ന പോർട്ടൽ ഇതിനായി സജ്ജീകരിച്ചത് സർവകലാശലാ കംപ്യൂട്ടർ സെന്ററാണ്.
അടച്ചിടൽ കാലത്ത് വിദ്യാർഥികളുമായി എങ്ങനെ സംവദിക്കാം, അധ്യാപനം നടത്താം, പരീക്ഷയും അസൈൻമെന്റും മൂല്യനിർണയവും നടത്താം എന്നതിനെക്കുറിച്ചുള്ള പരിശീലനമാണ് അധ്യാപകർക്ക് നൽകിയതെന്ന് കോഴ്സ് കോ-ഓർഡിനേറ്റർ ഡോ. വി.എൽ. ലജീഷ് പറഞ്ഞു. ഡോ. പി. അഷ്ക്കറലി, ഡോ. എ.ആർ. രമേഷ്, ഡോ. കെ. ബിജു. എന്നിവരും കോഴ്സ് നിർമാണങ്ങൾക്ക് നിർദശം നൽകി.
രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ പൂർണമായും ഓൺലൈൻ ആയാണ് ഈ കോഴ്സ് നടത്തിയത്. മൊബൈലിലും ഇത് ലഭ്യമാകും. ഓൺലൈൻ പഠനനിലവാരം മെച്ചപ്പെടുത്തുക വഴി യു.ജി.സി. ഗ്രേഡിങ്ങിൽ കാലിക്കറ്റിന് നേട്ടമുണ്ടാകുമെന്ന് ഐ.ക്യു.എസി. ഡയറക്ടർ ഡോ. പി. ശിവദാസൻ പറഞ്ഞു.
കാലടി സംസ്കൃത സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിലെ അധ്യാപകർക്കും ഇതേ സംഘം തന്നെയാണ് പരിശീലനം നൽകുന്നത്. കേരള സർവകലാശാലയും കാലിക്കറ്റ് സംഘത്തെ ബന്ധപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ വിജയത്തെ തുടർന്ന് സെന്റർ ഫോർ ഇ ലേണിങ് പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിനുള്ള നിർദേശം സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്.
Content Highlights:moodle learning in calicut university