തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും അമിതോപയോഗം, വിഷാദരോഗ ലക്ഷണങ്ങള്‍, ഉത്കണ്ഠരോഗ ലക്ഷണങ്ങള്‍, ഏകാന്തത, വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ വിദ്യാര്‍ഥികളില്‍ ഗണ്യമായ അളവിലുണ്ടെന്ന് പഠനം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്സ് സെന്ററുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ക്ലാസുകള്‍ക്കു വേണ്ടിയല്ലാതെയുള്ള മൊബൈല്‍ ഉപയോഗം രണ്ടുമണിക്കൂറില്‍ അധികമായതായും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലെ 15.3 ശതമാനം വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 9.42 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിക്കുന്ന സമയത്ത് ഫോണ്‍ ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥത തോന്നുന്നു. വിദ്യാര്‍ഥികളുടെ പ്രതികരണമനുസരിച്ച് 23.44 ശതമാനം പേര്‍ക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്കണ്ഠയുള്ളവര്‍ 11.16 ശതമാനമാണെന്നും പഠനം വിലയിരുത്തുന്നു.

പഠനത്തിന് വിധേയമാക്കിയവരില്‍ ഒരിക്കലെങ്കിലും സ്വയം ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരുടെ എണ്ണം 10.13 ശതമാനം വരും. സര്‍വേ കണ്ടെത്തല്‍ വീട്ടില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ഉള്ളവര്‍ 84.62 ശതമാനം

സര്‍വേ കണ്ടെത്തല്‍

* പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നവര്‍ 95.33 ശതമാനം

* വിക്ടേഴ്സ് ക്ലാസുകളിലെ പങ്കാളിത്തം എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ 97.38 ശതമാനം

* ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 94.18 ശതമാനം

* സ്വന്തം വീട്ടിലിരുന്ന് ക്ലാസില്‍ പങ്കെടുക്കുന്നവര്‍ 96.68 ശതമാനം

* ബന്ധുവീടുകളെ ആശ്രയിക്കുന്നവര്‍ 2.23 ശതമാനം

* പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ ഒരുശതമാനത്തില്‍ താഴെ                                                                   

നിര്‍ദേശങ്ങള്‍

* കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ടൈംടേബിളില്‍ കൗണ്‍സലിങ്ങിന് ഒരു പീരിയഡ് നീക്കിവെക്കണം

* പഠന പിന്നാക്കാവസ്ഥയുള്ള വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. പ്രത്യേക ശ്രദ്ധവേണം.

* ഗോത്രവര്‍ഗ വിദ്യാര്‍ഥികളില്‍ കേബിള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയുടെ കുറവുകൊണ്ട് ക്ലാസില്‍ പങ്കെടുക്കാത്തവരും ക്ലാസ് മനസ്സിലാകാത്തവരുമുണ്ട്. വ്യക്തിഗതപിന്തുണ അവര്‍ക്ക് നല്‍കണം.

* ഡിജിറ്റല്‍ ക്ലാസ് തുടരേണ്ടിവന്നാല്‍ പാഠ്യപദ്ധതി നവീകരിക്കണം. അധ്യാപകര്‍ക്ക് പരിശീലനവും നല്‍കണം.

Content Highlights: Mobile phones educator or a villain, online class