കോഴിക്കോട്: കളിയും കാര്യവും ചേര്‍ത്ത് വെച്ച്  വേറിട്ടൊരു കലാരൂപവുമായി പ്രവേശനോത്സവം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍. നീണ്ട ഇടവേളക്ക് ശേഷം വിദ്യാലയം വീണ്ടും തുറക്കുമ്പോള്‍ കുട്ടികള്‍ കൈക്കൊള്ളേണ്ട കര്‍ശന കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് പലതവണ പറഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ കളിയിലൂടെ യും കലയിലൂടെയും വീണ്ടും അത്തരം ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ഥികളും അധ്യാപകരും. സുരക്ഷ അവബോധത്തിനായി ഒരുക്കിയ മൈം പേരു കൊണ്ട് തന്നെ കുട്ടികളില്‍ കൗതുകം നിറയ്ക്കുന്നു. മാ- സാ- സോഎന്ന ചൈനീസ് സ്റ്റയില്‍ പേരാണ് മൈമിന് നല്‍കിയത്.

മാസ്‌ക്ക്  സാനിറ്റൈസര്‍ സോഷ്യല്‍ഡിസ്റ്റന്‍സ് എന്നീ  വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്താണ് 'മാ- സാ- സോ' എന്ന പേര്. ക്ലാസ് മുറികളില്‍ പാലിക്കേണ്ട ചിട്ടകളും,പരസ്പരം ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും, കോവിഡ് കാലത്തെ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ  പ്രാധാന്യവും മൈമിലൂടെ വ്യക്തമാക്കുന്നു. പത്താം തരത്തിലെ ആറ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 4 മിനിറ്റ് ദൈര്‍ഘ്യമുള്ള  മാ- സാ- സോ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിദ്യാലയത്തിലെ മലയാളം ടീച്ചര്‍ ടി.പി.ശ്രീവിദ്യയാണ് . അധ്യാപരായ എന്‍.ബി. ജയറാം ക്യാമറയും വി.കെ. ലിജീഷ് മേക്കപ്പും ഒരുക്കി.