കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാംസെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബുതോമസ് അറിയിച്ചു. സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും. അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാം. ജില്ലകളിലെ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് മേയ് 21-ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ https://www.mgu.ac.in/ വഴി രജിസ്റ്റര്‍ ചെയ്യാം.

കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും. ആറാംസെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ േമയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂണ്‍ 2, 3, 4 തീയതികളിലായി പ്രാക്ടിക്കല്‍ പരീക്ഷകളും പൂര്‍ത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരീക്ഷാനടത്തിപ്പ്. സാമൂഹികഅകലമടക്കം പാലിച്ച് പരീക്ഷാനടത്തിപ്പ് സുഗമമാക്കാന്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്കും കോളേജുകള്‍ക്കും സര്‍വകലാശാല നിര്‍ദേശം നല്‍കും.

Content Highlights: MG University graduation exams from may 26, Students can write exam from their nearest district, Lockdown, Corona Outbreak