തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പെന്‍ഡ് നിര്‍ണയത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. അതത് സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ബാധകമായ ഫീസ് നിര്‍ണയ സമിതിക്ക് സ്‌റ്റൈപ്പെന്‍ഡ് തീരുമാനിക്കാമെന്ന് ഇതുസംബന്ധിച്ച് മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

കരട് അംഗീകരിക്കപ്പെട്ടാല്‍ നിലവിലുള്ള സ്‌റ്റൈപ്പെന്‍ഡ് രീതി അപ്പാടെ അട്ടിമറിക്കപ്പെടുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ പല കോളേജുകളും നല്‍കിവരുന്ന തുകപോലും ഭാവിയില്‍ ഉണ്ടാവില്ലെന്നാണ് ആശങ്ക.

സര്‍ക്കാര്‍ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥികളുടേതിനു സമാനമായി സ്വാശ്രയ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌റ്റൈപ്പെന്‍ഡ് നല്‍കണമെന്ന് 2015-ല്‍ കേരള ഹൈക്കോടതി വിധിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിച്ച കോളേജുകളില്‍ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നല്‍കുന്നതിനു തുല്യമായ തുക ഇക്കാലയളവില്‍ അവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നല്‍കണമെന്നും 2019-ല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. പുതിയ കരട് നിര്‍ദേശത്തില്‍ ഹൈക്കോടതിയുടെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും നിലവിലുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ല.

മെഡിക്കല്‍ കമ്മിഷന്‍ ചട്ടങ്ങളനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. കോഴ്സ് പൂര്‍ത്തിയാക്കിയതായി അംഗീകരിക്കണമെങ്കില്‍ ഒരുവര്‍ഷം ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണ്. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 25,000 രൂപയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്‌റ്റൈപ്പെന്‍ഡ് നല്‍കുന്നത്. പല സ്വാശ്രയ കോളേജുകളും ഇപ്പോള്‍ത്തന്നെ സ്‌റ്റൈപ്പെന്‍ഡ് തുക പേരിനു മാത്രമാക്കിയിട്ടുണ്ട്. കരട് മാര്‍ഗരേഖ അംഗീകരിക്കപ്പെട്ടാല്‍ കോളേജുകള്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നിഷേധിക്കാന്‍തന്നെ അവസരം ലഭിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Content highlights : medical students stipend will be decided in committee national medical commision report