തൃശ്ശൂര്‍: രാജ്യത്തെ ആശുപത്രികളില്‍ മെഡിക്കല്‍ ബിരുദാനന്തരബിരുദക്കാരുടെ റെസിഡന്‍സി സേവനം സംബന്ധിച്ച അവ്യക്തതയ്ക്ക് പരിഹാരം.

നിലവില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ അവസാനവര്‍ഷ വിദ്യാര്‍ഥികളും പുതിയ ബാച്ചുകള്‍ വരുന്നതുവരെ തുടരുന്നതിനാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ അവസാനവര്‍ഷ പരീക്ഷകളും പി.ജി. നീറ്റ് പരീക്ഷയും മറ്റും നീളുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സേവനത്തിലുണ്ടായിരുന്ന റെസിഡന്റ് ഡോക്ടര്‍മാരുടെ കാലാവധിയിലുണ്ടായ അനിശ്ചിതാവസ്ഥ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളടക്കം പലയിടത്തുമിത് സമരത്തിനും തുടര്‍പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചിരുന്നു. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും അവസാനവര്‍ഷ എം.ഡി, എം.എസ്., ഡിപ്ലോമ വിദ്യാര്‍ഥികളുടെ സേവന കാലയളവാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അധീനതയിലുള്ളവയും സ്വകാര്യ മെഡിക്കല്‍ കോളേജുകളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. സേവനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം, സ്‌റ്റൈപ്പന്റ് എന്നിവക്ക് ഒരു മുടക്കവും വരുത്തരുതെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Medical PG students can remain residents until the next batch arrives, covid-19