തൃശ്ശൂര്‍: വിദ്യാഭ്യാസരംഗത്ത് ലാഭം ലക്ഷ്യമാക്കരുതെന്ന നയവുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഫീസ് മാനദണ്ഡങ്ങളുടെ കരട് പുറത്തിറക്കി. എം.ബി.ബി.എസ്., അനുബന്ധ പി.ജി. കോഴ്സുകള്‍ എന്നിവയുടെ ഫീസ് സംബന്ധിച്ചാണിത്. രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വയംഭരണ സര്‍വകലാശാലകള്‍ക്കും ബാധകമായിരിക്കും ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഫീസ് നിര്‍ണയ സംവിധാനങ്ങളുള്ള ഇടങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കേണ്ടിവരും.

കഴിഞ്ഞ ജൂലായിലാണ് ഫീസ് മാനദണ്ഡങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്മിഷന്‍ ചുമതലപ്പെടുത്തിയത്. കരടിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ legal@nmc.org.in എന്ന വിലാസത്തില്‍ ഇ-മെയിലായി അറിയിക്കാം.

പ്രധാന നിര്‍ദേശങ്ങള്‍

* ഒരുവിധ തലവരിയും ഈടാക്കരുത്.
* പ്രവര്‍ത്തനച്ചെലവ്, പരിപാലനച്ചെലവ് എന്നിവ അടിസ്ഥാനമാക്കിയുള്ളതാകണം ഫീസ്. നിലനില്‍പ്പിനല്ലാതെ ലാഭം ലക്ഷ്യമാക്കരുത്.
* പ്രവര്‍ത്തനച്ചെലവാണ് പ്രധാന മാനദണ്ഡം. മുന്‍വര്‍ഷത്തെ ഓഡിറ്റുചെയ്ത കണക്കാണ് അടിസ്ഥാനം. പുതിയ കോളേജാണെങ്കില്‍ ഏറ്റവുമടുത്തു തുടങ്ങിയ സ്ഥാപനത്തിന്റെ കണക്കാണ് പരിഗണിക്കേണ്ടത്. കോവിഡുകാലം കണക്കിലെടുത്ത് മൂന്നുവര്‍ഷത്തെ ശരാശരി ചെലവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
* പഠിക്കുന്ന കുട്ടികളും എണ്ണവും ഫീസ് നിര്‍ണയത്തില്‍ പ്രധാന ഘടകം.
* മൂന്നുവര്‍ഷ കാലയളവിലേക്കോ വര്‍ഷാവര്‍ഷമോ നിരക്ക് നിര്‍ണയിക്കാം. ഒരു കുട്ടി പ്രവേശനം നേടുമ്പോള്‍ നിശ്ചയിക്കപ്പെട്ട നിരക്കുതന്നെ വേണം കോഴ്സ് പൂര്‍ത്തിയാകുന്നതുവരെ.
* അമിതമായ കോഷന്‍ ഡെപ്പോസിറ്റ് വാങ്ങരുത്. ഈ തുകയുടെ പലിശയും ഫീസ് നിര്‍ണയത്തില്‍ കണക്കാക്കണം.
* അടിസ്ഥാന സൗകര്യ വികസന ഫണ്ട് സ്വീകരിക്കാമെങ്കിലും പ്രവര്‍ത്തച്ചെലവിന്റെ ആറുമുതല്‍ 15 വരെ ശതമാനം മാത്രമേ ആകാവൂ. ഇങ്ങനെ വാങ്ങുന്ന തുക പ്രത്യേക ഫണ്ടാക്കി, ഇതേ ആവശ്യത്തിനുതന്നെ ഉപയോഗിക്കണം.
* ഹോസ്റ്റല്‍, മെസ്, ഗതാഗതം, പരീക്ഷ, ലൈബ്രറി തുടങ്ങിയവയുടെ ചെലവുകള്‍ കൃത്യമായി വീതംവെച്ചുവേണം കണക്കാക്കാന്‍.
* നിലനില്‍പ്പ് അപകടത്തിലാകുമെന്ന് ഉറപ്പുള്ള സ്ഥാപനങ്ങളില്‍ സംസ്ഥാനതല സമിതിക്ക് പരമാവധി വിട്ടുവീഴ്ച ചെയ്തുകൊടുക്കാം.
* മാനദണ്ഡങ്ങളനുസരിച്ച് നിശ്ചയിക്കുന്ന നിരക്ക് നിലവിലുള്ളതിനെക്കാള്‍ അധികമാകരുത്.

Content Highlights: Medical education fees to be restructured, MBBS