തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്മെന്റുകൾ വീണ്ടും കൊമ്പുകോർക്കുന്നു. ഒഴിവുവരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ പുതിയ നിലപാട്. നേരത്തേ ഉയർന്ന ഫീസ് ആവശ്യവുമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുള്ള മാനേജ്മെന്റുകൾ എൻ.ആർ.ഐ. സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എല്ലാ കോളേജുകളുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷമാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്. അലോട്മെന്റുകൾ എല്ലാം പൂർത്തിയാക്കിയിട്ടും വിവിധ കോളേജുകളിലായി അറുപതോളം എൻ.ആർ.ഐ. സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവുവന്ന സീറ്റുകളിലേക്ക് മോപ് അപ് കൗൺസിലിങ്ങും പിന്നീട് സ്ട്രേ വേക്കൻസി ഫില്ലിങ് എന്ന പേരിൽ ഒരുതവണകൂടി അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും സീറ്റുകൾ മാത്രമാണ് ഇത്തരത്തിൽ നികത്താനായത്. ഇതോടെ രണ്ടാം തവണയും സ്ട്രേ വേക്കൻസി ഫില്ലിങ്ങിനായി വിജ്ഞാപനം നടത്തി. ഇതനുസരിച്ച് ജനുവരി ഒന്നിനകം കോളേജുകളിൽ ചേരാനാണ് യോഗ്യരായ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽ അത് എൻ.ആർ.ഐയിൽനിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കുമെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നു. അഖിലേന്ത്യാതലത്തിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് ജനുവരി 15 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ കൂടുതൽ സമയം വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് വിദ്യാർഥികൾക്ക് കോളേജുകളിൽ ചേരാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അവർ പറയുന്നു.
സുപ്രീം കോടതി വിധിപ്രകാരം സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാർഥികളെ ഈ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കാനാകും. ഇതിനായി പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കുകയോ കോളേജുകൾക്ക് അവസരം നൽകുകയോ ചെയ്തിട്ടില്ലെന്നും മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ വള്ളിൽ പറഞ്ഞു.
മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾത്തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധികസമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
എൻ.ആർ.ഐ. സീറ്റ് ഒഴിവുകൾ
* അൽ അസർ, തൊടുപുഴ-12
* അസീസിയ, കൊല്ലം-3
* പി.കെ. ദാസ്, ഒറ്റപ്പാലം-10
* കരുണ, പാലക്കാട്-11
* മലബാർ, കോഴിക്കോട്-6
* ഡി.എം. വയനാട്, മൗണ്ട്സിയോൻ പത്തനംതിട്ട, സി.എസ്.ഐ. കാരക്കോണം, എസ്.യു.ടി. തിരുവനന്തപുരം- 4 വീതം
(ഡിസംബർ 29-ലെ കണക്കു പ്രകാരം)
Content Highlights: Medical admission, self financing colleges are not ready to give vacant seats as merit seats