കോഴിക്കോട്: മെഡിക്കല്‍ പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്ന് പ്രകാശ് ജാവഡേക്കര്‍. 'മാതൃഭൂമി'യുടെ കോഴിക്കോട് ഓഫീസ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മാനേജ്‌മെന്റും വിവിധ ഹൈക്കോടതികളില്‍ നിന്ന് സമ്പാദിക്കുന്ന വിധികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്താനാവില്ല. 

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പണക്കാരല്ലാത്തവര്‍ക്കും മെഡിക്കല്‍പ്രവേശനത്തിന് വഴിയൊരുക്കാനും നടപടിയെടുക്കേണ്ടതുണ്ട്. നീറ്റ് പരീക്ഷയും കോമണ്‍ കൗണ്‍സലിങ്ങും മാനദണ്ഡമാക്കുന്നത് ഈ ഉദ്ദേശ്യത്തിലാണ്. 

സമ്പന്നര്‍ക്കുമാത്രം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം കിട്ടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരുനല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 

എന്നാല്‍, അതത് പ്രദേശത്ത് മണ്‍മറഞ്ഞ മഹാരഥന്മാരുടെ പേരുകള്‍ ഉചിതമായ രീതിയില്‍ ആദരിക്കപ്പെടണമെന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നയം. 'മാതൃഭൂമി'യിലൂടെയാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട അപേക്ഷാനിര്‍േദശം സര്‍ക്കാറിന് മുന്നിലെത്തുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും ജാവഡേക്കര്‍ ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ പേര്‍ക്ക് കിട്ടുന്നവിധത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. 'മാതൃഭൂമി'യുടെ ഉപഹാരം മാനേജിങ് ഡയറക്ടര്‍ മന്ത്രിക്ക് സമ്മാനിച്ചു.