തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് തുകയ്ക്ക് ബാങ്ക് ഗാരന്റി നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

ബാങ്ക് ഗാരന്റി സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പോരെന്നും നിയമഭേദഗതിവേണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍പ്രകാരം സര്‍ക്കാര്‍ ജാമ്യത്തിനുള്ള തടസ്സങ്ങള്‍ സംസ്ഥാനതല ബാേങ്കഴ്‌സ് കമ്മിറ്റി ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കത്തുനല്‍കാമെന്ന് ചീഫ് സെക്രട്ടറി ബാങ്കുകള്‍ക്ക് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിനല്‍കും.

സ്വകാര്യവ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗാരന്റി നല്‍കാന്‍ 2013-ലെ ചട്ടങ്ങള്‍ തടസ്സമാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ബാങ്കുകളുടെ ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ബാങ്ക് ഗാരന്റിക്കായി വന്‍തോതില്‍ അപേക്ഷകര്‍ ഇല്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന സൂചന. അപേക്ഷകരോട് ഗാരന്റിക്കായി കാത്തുനില്‍ക്കാതെ മുഴുവന്‍ വായ്പയാക്കുന്ന കാര്യവും ബാങ്കുകള്‍ നിര്‍ദേശിക്കുന്നുണ്ട്.