മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) ആദ്യറൗണ്ട് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉയര്‍ന്ന റാങ്കുകാര്‍ ഏറ്റവും താത്പര്യം കാട്ടിയത് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനോട് (എയിംസ്).
'നീറ്റി'ല്‍ ആദ്യ 50 റാങ്കിനുള്ളില്‍ നേടിയവരില്‍ 48 പേരും ഇവിടെ ജനറല്‍ വിഭാഗത്തില്‍ അലോട്ട്‌മെന്റ് നേടി. എട്ടാം റാങ്കുള്ള വിദ്യാര്‍ഥി പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മെര്‍) തിരഞ്ഞെടുത്തപ്പോള്‍ 43-ാം റാങ്കുള്ള വിദ്യാര്‍ഥി ഓള്‍ ഇന്ത്യ ക്വാട്ടയില്‍ പുണെ ബി.ജെ. മെഡിക്കല്‍ കോളേജില്‍ അലോട്ട്‌മെന്റ് നേടി.
ആദ്യമായാണ് എയിംസ്, ജിപ്മെര്‍ എന്നിവ നീറ്റ്/എം.സി.സി. അലോട്ട്‌മെന്റിന്റെ പരിധിയില്‍വരുന്നത്. ന്യൂഡല്‍ഹി മൗലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ആദ്യ അലോട്ട്‌മെന്റ് റാങ്ക് 53 ആണ്.
ആദ്യ 1000 റാങ്കില്‍ 367 പേര്‍ വിവിധ എയിംസ് തിരഞ്ഞെടുത്തു. ഈ റാങ്ക് പരിധിയിലെ മറ്റുസ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണം: മൗലാനാ ആസാദ് -100 പേര്‍, ജിപ്മെര്‍ (പുതുച്ചേരി) -98, ബി. എച്ച്.യു. (വാരാണസി ) -40 (എല്ലാ സ്ഥാപനങ്ങളിലും ഓള്‍ ഇന്ത്യ, ഓപ്പണ്‍/സംവരണ/ഇന്റേണല്‍ സീറ്റുകള്‍ ഉള്‍പ്പെടെ).
അഖിലേന്ത്യാ ക്വാട്ടയില്‍ ജനറല്‍ (യു.ആര്‍.) വിഭാഗ അവസാനറാങ്ക് എം.ബി.ബി. എസ്. 12,353-ഉം ബി.ഡി.എസ്. 20,780-ഉം ആണ്. കേരളത്തില്‍ ഇവ യഥാക്രമം 3631, 17681.
Content Highlights: MCC first allotment first rank holders prefer delhi aiims, NEET 2020