തേഞ്ഞിപ്പലം: പഠനകാലാവധി കഴിഞ്ഞിട്ടും പരീക്ഷകള്‍ക്കായുള്ള കാത്തിരിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല എം.സി.എ. വിദ്യാര്‍ഥികള്‍.

സര്‍വകലാശാലയ്ക്കു കീഴിലെ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.സി.എസ്.ഐ.ടി.) നടത്തുന്ന കോഴ്‌സിലെ 2018 ബാച്ച് വിദ്യാര്‍ഥികളാണ് ഏറെ ദുരിതം നേരിടുന്നത്. മൂന്നുവര്‍ഷത്തെ കോഴ്‌സ് നാലരവര്‍ഷം കടന്നിട്ടും പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല. അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകളാണ് ബാക്കിയുള്ളത്. സപ്ലിമെന്ററി പരീക്ഷകളും ബാക്കി.

ഇവര്‍ക്കൊപ്പം പഠിച്ചിറങ്ങേണ്ട 2019 ലാറ്ററല്‍ എന്‍ട്രി ബാച്ചിനും രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ ബാക്കിയുണ്ട്. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താത്തതുമൂലം ഇവരുടെ കോഴ്‌സും അനന്തമായി നീളുകയാണ്.

അവസാനവര്‍ഷത്തിലേക്കു കടന്ന 2019 ബാച്ചിലുള്ളവര്‍ക്ക് ആദ്യ സെമസ്റ്റര്‍ പരീക്ഷ മാത്രമാണ് നടന്നത്. കോവിഡിന് മുന്‍പുതന്നെ വൈകിയ പരീക്ഷകളാണ് ഇപ്പോഴും പൂര്‍ത്തിയാകാതെ നില്‍ക്കുന്നത്. ഇതുമൂലം പഠനകാലം കഴിഞ്ഞിട്ടും തുടര്‍പഠനത്തിനും ജോലികള്‍ക്കുമുള്ള അവസരം നഷ്ടമാകുന്നതില്‍ വിദ്യാര്‍ഥികള്‍ക്കു പ്രതിഷേധമുണ്ട്.

കൃത്യമായി കോഴ്‌സ് ഫീസ് നല്‍കിയിട്ടും പല സെന്ററുകളിലും ലാബ് സൗകര്യങ്ങള്‍ തകരാറിലാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സെന്ററുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.

Content Highlights: MCA Course in Calicut university