ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ടെലി-കൺസൽട്ടേഷൻ നൽകാൻ എം.ബി.ബി.എസ്. അവസാനവർഷ വിദ്യാർഥികളെ നിയോഗിക്കും.

റെസിഡന്റ് ഡോക്ടർമാർ എന്ന നിലയിൽ അവസാനവർഷ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനം പുതിയ ബാച്ച് പി.ജി. വിദ്യാർഥികൾ എത്തുന്നതുവരെ തുടരാം. സീനിയർ റെസിഡന്റ് ഡോക്ടർമാരുടെയും രജിസ്ട്രാർമാരുടെയും സേവനം പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നതുവരെ തുടരാം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

മറ്റ് തീരുമാനങ്ങൾ

* സീനിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിൽ ബി.എസ്സി., ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി യോഗ്യതയുള്ള നഴ്സുമാരുടെ സേവനം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. ഇവരെ കോവിഡ് ഐ.സി.യു.വിൽ നിയോഗിക്കാം.

* എം.എസ്സി. നഴ്സിങ് വിദ്യാർഥികൾ, പോസ്റ്റ് ബേസിക് ബി.എസ്സി. (എൻ) വിദ്യാർഥികൾ, പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് വിദ്യാർഥികൾ എന്നിവരുടെ സേവനവും ആശുപത്രികളുടെ ചട്ടങ്ങളും നയങ്ങളും അനുസരിച്ച് ഉപയോഗിക്കാം. അവസാനവർഷ ജി.എൻ.എം., ബി.എസ്സി. നഴ്സിങ് വിദ്യാർഥികളെയും ആശുപത്രികളിൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാം. മുതിർന്ന അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണം ഇവരുടെ പ്രവർത്തനം.

* ഇങ്ങനെ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് യുക്തമായ പ്രതിഫലം നൽകണം. ദേശീയ ആരോഗ്യമിഷൻ കരാർ ജീവനക്കാർക്ക് നൽകുന്ന പ്രതിഫലനിരക്ക് നൽകാം. കോവിഡ് ഡ്യൂട്ടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോവിഡ് വാക്സിനേഷൻ നൽകും. ആരോഗ്യപ്രവർത്തകർക്കായി സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും.

* അധ്യാപകരുടെ മേൽനോട്ടത്തിൽ മെഡിക്കൽ ഇന്റേണുകളെ കോവിഡ് പ്രതിരോധ ചുമതലകളിൽ നിയോഗിക്കാൻ അനുവദിക്കും.

* ആരോഗ്യ-മെഡിക്കൽ വകുപ്പുകളിൽ ഒഴിവുള്ള ഡോക്ടർ, നഴ്സ്, പ്രൊഫഷണലുകൾ തുടങ്ങിയ തസ്തികകളിൽ ദേശീയ ആരോഗ്യമിഷൻ മാനദണ്ഡങ്ങൾക്കനുസരിച്ച് താത്‌കാലിക നിയമനങ്ങൾ നടത്താം.

Content Highlights: MBBS students to be appointed in teleconsultation section, Medical PG