ന്യൂഡൽഹി: എം.ബി.ബി.എസ്. കഴിഞ്ഞാൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി നൽകാനുള്ള ഒരുവർഷത്തെ 'ഇന്റേൺഷിപ്പ്' പരിപാടിയിൽ ഒരാഴ്ചത്തെ ആയുഷ് കോഴ്സ്കൂടി ഉൾപ്പെടുത്തി.

അവസാനത്തെ ഒരാഴ്ചയാണ് ഇന്ത്യൻ വൈദ്യശാഖയെക്കുറിച്ചുള്ള ഇന്റേൺഷിപ്പ് ഉണ്ടാവുക. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി, ടിബറ്റൻ വൈദ്യശാഖയായ 'സോവ റിഗ്പ' എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. അലോപ്പതിയുടെ 16 ശാഖകളിൽ ഒരാഴ്ച മുതൽ ആറാഴ്ചവരെയുള്ള ഇന്റേൺഷിപ്പിനുശേഷമാണ് ആയുഷ് ഇന്റേൺഷിപ്പ് നിർദേശിച്ചിരിക്കുന്നത്. ഇന്റേൺഷിപ്പ് പദ്ധതിയുടെ കരട് 'നാഷണൽ മെഡിക്കൽ കമ്മിഷൻ' കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്തു.

കമ്യൂണിറ്റി മെഡിസിൻ, ജനറൽമെഡിസിൻ, സൈക്യാട്രി, പീഡിയാട്രിക്സ്, ജനറൽ സർജറി, ക്രിട്ടിക്കൽ കെയർ, ഓർത്തോ, ഒപ്താൽമോളജി, ഗൈനക്കോളജി, എമർജൻസി/ട്രോമ/കാഷ്വൽറ്റി തുടങ്ങി 16 വിഭാഗങ്ങൾക്കുശേഷമാണ് ഇന്ത്യൻ മെഡിസിനിൽ ഒരാഴ്ചത്തെ ഇന്റേൺഷിപ്പ്. ആയുഷിന്റെ ഭാഗമായ ആറുവിഭാഗങ്ങളിൽ ഏതാണ് ഇന്റേൺഷിപ്പ് ചെയ്യുന്ന സ്ഥാപനത്തിലുള്ളത് അത് തിരഞ്ഞെടുക്കാം.

ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച യൂണിവേഴ്സിറ്റി/കോളേജ് എന്നിവിടങ്ങളിൽനിന്ന് എം.ബി.ബി.എസ്. പാസായവർക്ക് ഇന്റേൺഷിപ്പ് നിർബന്ധമാണ്. വിദേശത്തുനിന്ന് മെഡിക്കൽബിരുദം നേടിയവരുടെ കോഴ്സുകൾ അംഗീകരിക്കുന്നമുറയ്ക്ക് അവരും ഇന്റേൺഷിപ്പ് ചെയ്യണം.

ഇന്റേൺഷിപ്പിന് മുൻപ് സംസ്ഥാന മെഡിക്കൽകൗൺസിലുകൾക്ക് താത്‌കാലിക രജിസ്ട്രേഷൻ നൽകാം. ഒറ്റവർഷത്തെ സാധുത മാത്രമേ അതിനുണ്ടാകൂ. ഇന്റേൺഷിപ്പിന് ഏതു കോളേജിലാണോ രജിസ്റ്റർ ചെയ്യുന്നത് അവിടെ മാത്രമേ താത്‌കാലിക രജിസ്ട്രേഷൻ ബാധകമാവൂ. ഇന്റേൺഷിപ്പിനിടയിൽ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല. ഇന്റേൺഷിപ്പിന്റെ ഭാഗമല്ലാത്ത ചികിത്സാനടപടിക്രമങ്ങൾക്കും ഈ കാലത്ത് അനുവാദമില്ല. നിശ്ചിതതുക സ്റ്റൈപ്പൻഡായി നൽകും.

ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് വൈദ്യശാസ്ത്രത്തിൽ വേണ്ടത്ര പരിജ്ഞാനം ലഭിക്കാൻ മെഡിക്കൽകോളേജുകൾ വേണ്ടതുചെയ്യണം. സർക്കാരിന്റെ ആരോഗ്യപരിപാടികളുമായി അവരെ ബന്ധിപ്പിക്കാം. ജില്ലാ, താലൂക്ക്, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയോഗിക്കാം -കരട് വിജ്ഞാപനത്തിൽ പറയുന്നു.

Content Highlights: MBBS graduates should undergo one-week ayush training